രാഹുൽ ഗാന്ധിയും കോൺഗ്രസും കർഷക സമരത്തെ പിന്തുണക്കുന്നത് അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിലെ കോൺഗ്രസ് ബന്ധങ്ങളെക്കുറിച്ചുള്ള രാജീവ് സക്സേനയുടെ വെളിപ്പെടുത്തലുകളിൽ നിന്ന് മാധ്യമശ്രദ്ധ തിരിക്കാനുള്ള കോൺഗ്രസിന്റെ ബോധപൂർവ്വമുള്ള ശ്രമമാണ് എന്ന ആരോപണവുമായി ബിജെപി വക്താവ്  രാജീവ് ചന്ദ്രശേഖർ എംപി. ഇന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇങ്ങനെ ഒരു ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. 

 

 

എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി കാർഷിക രംഗത്തെ പരിഷ്കരണങ്ങളിൽ നിന്ന് യു ടേൺ എടുത്തതും ഇങ്ങനെ കർഷകരെ സമരത്തിന്റെ പാതയിലേക്ക് ഇറക്കിവിട്ടതും എന്നത് ചിന്തിക്കേണ്ടതാൻ എന്ന് രാജീവ് ചന്ദ്രശേഖർ എംപി പറഞ്ഞു. സംഭവങ്ങളുടെ നാൾവഴികൾ പരിശോധിച്ചാൽ അത് വ്യക്തമാകും എന്ന് അദ്ദേഹം തന്റെ ട്വീറ്റിൽ തുടർന്ന് വിശദീകരിക്കുന്നു. സെപ്റ്റംബർ 22 -ന് പാർലമെന്റ് കർഷക ബിൽ ലോക്സഭയിൽ പാസ്സാക്കപ്പെട്ടിട്ടും, സെപ്റ്റംബർ 28 -ന് അതിനു പ്രസിഡന്റിന്റെ അനുമതി കിട്ടിയിട്ടും സമരം തുടങ്ങുന്നത്‌ പിന്നെയും ഏകദേശം ഒരു മാസം കഴിഞ്ഞ് നവംബർ 26 -ന് മാത്രമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.  അതിന്റെ കാരണം, നവംബർ 18 -ന് അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിലെ കോൺഗ്രസ് ബന്ധങ്ങൾ സംബന്ധിച്ച് രാജീവ് സക്‌സേന നടത്തിയ ചില നിർണായകമായ വെളിപ്പെടുത്തലുകൾ ആണെന്ന് അദ്ദേഹം ആരോപിക്കുന്നു. കോൺഗ്രസ് പാളയത്തിലേക്ക് നീളുന്ന ഗുരുതരമായ ആരോപണങ്ങൾ ആ വെളിപ്പെടുത്തലുകളിൽ ഉണ്ടായിരുന്നതുകൊണ്ട്, അതിൽ നിന്നൊക്കെ മാധ്യമശ്രദ്ധ അകറ്റാൻ വേണ്ടിയാണ് കോൺഗ്രസ് ഇപ്പോൾ കർഷകരെ പ്രകോപിപ്പിച്ച് സമരത്തിന് ഇറക്കി വിട്ടിരിക്കുന്നത് എന്നും രാജീവ് ചന്ദ്രശേഖർ സൂചിപ്പിച്ചു. 

 

"

 

1987 -ൽ ബൊഫോഴ്‌സ് വിവാദം പൊട്ടിപ്പുറപ്പെട്ട അതേ സമയത്തുതന്നെ കൃത്യമായി രാജീവ് ഗാന്ധി ഇന്ത്യൻ സൈന്യത്തെ ഐപികെഎഫ് എന്ന പേരിൽ ശ്രീലങ്കയിലേക്ക് പറഞ്ഞയച്ചതും ഇതേപോലെ മാധ്യമ ശ്രദ്ധ തിരിക്കാൻ തന്നെ ആയിരുന്നു എന്നും അദ്ദേഹം ട്വീറ്റിൽ ആരോപിച്ചു. അന്ന്, ആ ഒരു തന്ത്രത്തിന്റെ ദോഷഫലം അനുഭവിക്കേണ്ടി വന്നത് ഇന്ത്യൻ സൈനികർക്കാണ് എന്നും, അന്ന് സൈന്യം ശ്രീലങ്കയിൽ നടത്തിയ ആക്ഷനിൽ 1200 സൈനികർ കൊല്ലപ്പെട്ടതും, 1000 ലധികം പേർക്ക് പരിക്കേറ്റതും രാജീവ് ചന്ദ്രശേഖർ എംപി തന്റെ ട്വീറ്റിൽ ചൂണ്ടിക്കാണിച്ചു. 1987 -ൽ കോൺഗ്രസ് ഇരയാക്കിയത് സൈനികരെ ആയിരുന്നുവെങ്കിൽ, 2020 -ൽ കോൺഗ്രസ് തന്ത്രത്തിന്റെ പേരിൽ ബലിയാടുകൾ ആക്കപ്പെടാൻ പോവുന്നത് കർഷകരാണ് എന്നും അദ്ദേഹം പറഞ്ഞു.