ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി, പേരറിവാളൻ ഉൾപ്പടെ ഏഴുപേരെ വിട്ടയക്കുന്നതിനുള്ള നടപടികളുടെ തൽസ്ഥിതി അറിയിക്കാൻ തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. രണ്ടാഴ്‌ചക്കകം ഇതേകുറിച്ചുള്ള റിപ്പോര്‍ട്ട് നൽകാൻ കോടതി നിര്‍ദ്ദേശിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പേരറിവാളൻ നൽകിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിര്‍ദ്ദേശം. 

പ്രതികളെ വിട്ടയക്കുന്ന കാര്യത്തിൽ തമിഴ്‌നാട് സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് നേരത്തെ സുപ്രീംകോടതി വിധിച്ചിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബെൽറ്റ് ബോംബിന്റെ ഉറവിടം സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തിൽ ശിക്ഷ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് പേരറിവാളന്‍റെ ഹര്‍ജി. തമിഴ്‌നാട് സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് വന്ന ശേഷം പേരറിവാളന്‍റെ ഹര്‍ജിയിൽ തീരുമാനം എടുക്കാമെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ കോടതി പറ‍ഞ്ഞു.

ആദ്യം വധശിക്ഷ, പിന്നീട് ജീവപര്യന്തം

തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ 1991 മേയ് 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽടിടിഇയുടെ ചാവേർ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ 16 പേർക്ക് ജീവൻ നഷ്ടമായി. 41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും ടാഡ കോടതി 1998ൽ വധശിക്ഷ വിധിച്ചു. 1999ൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. 

റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെ വെറുതെവിട്ടു. 2000ത്തിൽ സോണിയാ ഗാന്ധിയുടെ അപേക്ഷപ്രകാരം നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. മുരുഗൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതോടെ സുപ്രീംകോടതി അവരുടെ ശിക്ഷയും ജീവപര്യന്തമാക്കുകയായിരുന്നു.