Asianet News MalayalamAsianet News Malayalam

'രാജീവ് ഗാന്ധിയും വൻ വിജയം നേടിയിരുന്നു, അധികാരം ഭീതി പടർത്താനല്ല', സോണിയാ ഗാന്ധി

രാജീവ് ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജന്മവാർഷികവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. എന്നാൽ നരേന്ദ്രമോദിയുടേതോ, ബിജെപിയുടെയോ പേരെടുത്ത് പറഞ്ഞില്ല സോണിയ. 

Rajiv Gandhi got full majority in 1984, never used powers to spread fear Sonia Gandhi
Author
New Delhi, First Published Aug 23, 2019, 7:48 AM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. ''1984-ൽ രാജീവ് ഗാന്ധിയും ഒറ്റയ്ക്ക് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം നേടിയിരുന്നു. പക്ഷേ, അദ്ദേഹം ജനങ്ങളുടെ സ്വാതന്ത്ര്യമോ രാജ്യത്തെ ജനാധിപത്യമോ കവർന്നെടുക്കുന്ന തരത്തിൽ ഒരിക്കലും അധികാരത്തെ ഉപയോഗിച്ചിട്ടില്ല'', സോണിയ പറഞ്ഞു. 

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജന്മവാർഷികാഘോഷങ്ങൾക്കിടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ, ബിജെപിയുടെയോ പേരെടുത്ത് പറയാൻ സോണിയ തയ്യാറായില്ല. 

''ജനാധിപത്യത്തിന്‍റെ അടിസ്ഥാനശിലകളെ കടപുഴക്കാൻ ഒരിക്കലും രാജീവ് തയ്യാറായിരുന്നില്ല. അധികാരം ഭീതി പടർത്താനുള്ളതല്ല'', സോണിയ പറഞ്ഞു. 

ജനാധിപത്യമൂല്യങ്ങളെ നശിപ്പിക്കുന്നവർക്കെതിരെ എഴുന്നേറ്റ് നിന്ന് പോരാടാൻ കോൺഗ്രസ് തയ്യാറാകണമെന്ന് സോണിയ പറഞ്ഞു. വിഭാഗീയത പടർത്തി ഇന്ത്യയെന്ന ആശയത്തെ മാറ്റിയെഴുതാൻ ശ്രമിക്കുന്നവർക്കെതിരായ പോരാട്ടം തുടരണം. അതിന് മുദ്രാവാക്യങ്ങളോ പഴയ കാലത്തെക്കുറിച്ചുള്ള അഭിമാനമോ മാത്രം പോരാ, കഠിനാധ്വാനവും ഉറച്ച മനസ്സും വേണം'', സോണിയ പറഞ്ഞു. 

എന്നാലിതിനെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബിൽ നിന്നുള്ള ബിജെപി നേതാവ് മഞ്ജീന്ദർ സിർസ രംഗത്തെത്തി. സിഖ് കൂട്ടക്കൊല നടന്നപ്പോൾ നിസ്സംഗനായിരുന്ന രാജീവ് ഗാന്ധിയെക്കുറിച്ചാണോ ഈ നുണ പറയുന്നതെന്ന് സിർസ ചോദിച്ചു. 

Follow Us:
Download App:
  • android
  • ios