'തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർ പരാജയം അംഗീകരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റം പറയുന്ന പ്രവണത അവസാനിപ്പിക്കണം'

ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ചിലർ ബലിയാടാക്കുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. യാത്രയയപ്പ് യോഗത്തിലാണ് രാജീവ് കുമാറിൻ്റെ പ്രസ്താവന. ഗൂഢോദ്ദേശ്യത്തോടെ ചിലർ കമ്മീഷനെതിരെ കള്ളപ്രചാരണം നടത്തുന്നു. തോൽക്കുന്നവർ ഇതംഗീകരിക്കാതെ കമ്മീഷനെ കുറ്റം പറയുന്ന പ്രവണത അവസാനിപ്പിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമം ആശാസ്യമല്ല. പ്രവാസികൾക്ക് വിദേശങ്ങളിൽ നിന്ന് വോട്ടു ചെയ്യാൻ സൗകര്യം ഒരുക്കണം. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് റിമോട്ട് വോട്ടിംഗ് സൗകര്യം വേണം. ഓരോ പോളിംഗ് സ്റ്റേഷനിലെയും വോട്ട് മനസ്സിലാകാത്ത രീതിയിൽ വോട്ടെണ്ണൽ ക്രമീകരിക്കണമെന്നും യാത്രയയപ്പ് യോഗത്തിൽ അദ്ദേഹം പറഞ്ഞു.