ദില്ലി: ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയ കൊടിക്കുന്നില്‍ സുരേഷിന് സോണിയ ഗാന്ധിയുടെ ശകാരം കിട്ടിയതോടെ സത്യപ്രതിജ്ഞ മലയാളത്തിലാക്കി കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. എംപിമാര്‍ക്ക് അവരുടെ സ്വന്തം ഭാഷ ഉപയോഗിച്ചു കൂടേയെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനെ ബിജെപി അംഗങ്ങള്‍ ഡെസ്കിലടിച്ച് സ്വാഗതം ചെയ്തിരുന്നു. കേരളത്തില്‍ നിന്നെത്തിയ എം പി ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനായിരുന്നു ബിജെപി എംപിമാരുടെ അഭിനന്ദനം. ഇതാണ് സോണിയ ഗാന്ധിയെ ചൊടിപ്പിച്ചത്.