ദില്ലി: ചൈന അതിർത്തിയിലേത് വെല്ലുവിളി നിറഞ്ഞ സാഹചര്യമെന്നും സേന എന്തും നേരിടാൻ തയ്യാറെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. നിയന്ത്രണരേഖയ്ക്കടുത്ത് ചൈന വൻസേനാ വിന്യാസം തുടരുകയാണെന്നും രാജ്നാഥ് സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി. 

പാങ്കോഗ്, ഗോഗ്ര മേഖലകളിൽ ചൈന വൻ സേന വിന്യാസം തുടരുകയാണ്. എല്ലാ ധാരണകളും ലംഘിച്ച് ചൈന നടത്തിയ അക്രമത്തിന് ഇന്ത്യൻ സേന ശക്തമായ മറുപടി നല്കി. എന്തും നേരിടാൻ ഇന്ത്യ തയ്യാറാണ്. സേനയുടെ കരുത്തിലും ശൗര്യത്തിലും പൂർ‍ണ്ണ വിശ്വാസമുണ്ട്. ഇന്ത്യയുടെ നിശ്ചയദാർഡ്യത്തെ ആരും സംശയിക്കേണ്ടെന്നും രാജ്നാഥ്സിംഗ് കൂട്ടിച്ചേർത്തു. 

സേനയ്ക്കൊപ്പം നില്ക്കുന്നു എന്ന് എല്ലാ പാർട്ടികളും പ്രതികരിച്ചു. തർക്കപ്രദേശമല്ലാത്ത ഗൽവാനിലും പട്രോളിംഗിന് ചൈന അനുവദിക്കാത്ത സാഹചര്യം ഉണ്ടോയെന്ന് എകെ ആൻറണി ചോദിച്ചു. ഇന്ത്യയെ പട്രോളിംഗിൽ നിന്ന് ആർക്കും തടയാനാവില്ലെന്നും ഇതിനാണ് സൈനികർ വീരമൃത്യു വരിച്ചതെന്നും പ്രതിരോധമന്ത്രി മറുപടി നല്കി. സേനയ്ക്കൊപ്പം ഏവരും ഒറ്റക്കെട്ടെന്ന സന്ദേശം രാജ്യസഭയ്ക്ക് നല്കാനായെന്ന് വെങ്കയ്യനായിഡു പ്രതികരിച്ചു.