ലഡാക്ക്: ചൈനയുമായുള്ള ചർച്ചകൾ ഏത്രത്തോളം വിജയിക്കുമെന്ന് ഉറപ്പു പറയാനാവില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ഒരു ശക്തിക്കും തട്ടിയെടുക്കാനാവില്ലെന്നും പ്രതിരോധമന്ത്രി ആവർത്തിച്ചു. പാങ്ഗോംഗിൽ നിന്നുള്ള ചൈനീസ് സേന പിൻമാറ്റം വൈകുന്നതിനിടെയാണ് ലഡാക്കിലെത്തിയ രാജ്നാഥ്സിംഗിന്റെ ഈ പരാമർശം.

"ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടണം. എത്രത്തോളം പരിഹരിക്കും എന്ന് ഇപ്പോൾ ഉറപ്പ് നല്കാനാവില്ല. എന്നാൽ ഒരു ശക്തിക്കും ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് തട്ടിയെടുക്കാനോ കൈയ്യേറാനോ കഴിയില്ല" രാജ്നാഥ് സിം​ഗ് പറഞ്ഞു. സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി ജനറൽ എംഎം നരവനെ എന്നിവർക്കൊപ്പമാണ് രാജ്നാഥ് സിംഗ് ലഡാക്കിൽ എത്തിയത്. സേനാഭ്യാസം വീക്ഷിച്ച രാജ്നാഥ് സിംഗ് സൈനികരോട് സംസാരിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞു രണ്ടാഴ്ചയ്ക്കുള്ളിലാണ് പ്രതിരോധമന്ത്രിയും ലഡാക്കിൽ എത്തിയത്. കഴിഞ്ഞ ദിവസം 15 മണിക്കൂർ നീണ്ടു നിന്ന കമാഡർമാരുടെ യോഗത്തിൽ പാങ്കോംഗിൽ നിന്ന് പൂർണ്ണമായി പിൻമാറാൻ ചൈന തയ്യാറായിരുന്നില്ല. ഫിംഗർ എട്ടിൽ നിന്ന് സമ്പൂർണ്ണ പിൻമാറ്റം എന്ന നിർദ്ദേശമാണ് ഇന്ത്യ മുന്നോട്ടു വച്ചത്. അടുത്ത ഒരാഴ്ച ചൈനയുടെ നിലപാട് ഇന്ത്യ വീക്ഷിക്കും.  ചൈന പിൻമാറ്റം തുടരുന്നെങ്കിൽ അടുത്ത സേനാ തല ചർച്ച പാങ്കോംഗ് തടാകതീരത്തെക്കുറിച്ച് നടക്കും. ചർച്ചകൾ തുടരുമ്പോഴും ഏതു സാഹചര്യവും നേരിടാൻ തയ്യാർ എന്ന സന്ദേശമാണ് പ്രതിരോധമന്ത്രിയും ലഡാക്കിലെത്തി നൽകുന്നത്.