മഹാരാഷ്ട്രയില്‍  വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിനെതിരെ ശിവസേന നിയമനടപടി സ്വീകരിക്കും. ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം മറികടന്ന് ബിജെപിക്ക്  വോട്ട് ചെയ്ത എംഎല്‍എയെ  കോണ്‍ഗ്രസ് പുറത്താക്കും. 

ദില്ലി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെയും, ഹരിയാനയിലെയും കനത്ത തിരിച്ചടിയില്‍ നടപടിക്കൊരുങ്ങി പ്രതിപക്ഷം. മഹാരാഷ്ട്രയില്‍ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിനെതിരെ ശിവസേന നിയമനടപടി സ്വീകരിക്കും. ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം മറികടന്ന് ബിജെപിക്ക് വോട്ട് ചെയ്ത എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കും.

 നാല് സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായകമായ രാജ്യസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം നേട്ടമുണ്ടാക്കിയത് രാജസ്ഥാനില്‍ മാത്രമാണ്. ബിജെപി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികള്‍ക്കിടയിലും നാലില്‍ മൂന്ന് സീറ്റ് നേടാനായി. എന്നാല്‍ ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തോല്‍വി വലിയ ക്ഷീണമായി. മത്സരം കടുത്ത മഹാരാഷ്ട്രയിലെ ആറാമത്തെ സീറ്റ് ശിവേസന പ്രതീക്ഷിച്ചെങ്കിലും 41 വോട്ടുകള്‍ നേടി ബിജെപി സീറ്റ് സ്വന്തമാക്കി. 13 സ്വതന്ത്രരുടെ പിന്തുണ പ്രതീക്ഷിച്ച മഹാവികാസ് അഘാഡിയെ 5 പേര്‍ മാത്രം പിന്തുണച്ചപ്പോള്‍ ആകെ കിട്ടിയത് 36 വോട്ട് മാത്രം. ബാലറ്റ് പേപ്പര്‍ പരസ്യപ്പെടുത്തിയെന്ന ബിജെപിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ശിവസേന അംഗത്തിന്‍റെ വോട്ട് അസാധുവാക്കിയതും ക്ഷീണമായി. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ ശിവസേന കോടതിയില്‍ ചോദ്യം ചെയ്യും. ഹരിയാനയില്‍ മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍റെ തോല്‍വി കോണ്‍ഗ്രസിന് കനത്ത ആഘാതമായി. ദശാംശം 66 വോട്ടിന്‍റെ മൂല്യത്തിലാണ് ബിജെപി സ്വതന്ത്രനും ന്യൂസ് എക്സ് ചാനല്‍ ഉടമയുമായ കാര്‍ത്തികേയ ശര്‍മ്മയോട് മാക്കന്‍ തോറ്റത്. മാക്കന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരസ്യപ്രതിഷേധം നടത്തിയ കുല്‍ദീപ് ബിഷ്ണോയ് എംഎല്‍എ ബിജെപിയെ തുണച്ചതാണ് തിരിച്ചടിയായത്. ബിഷ്ണോയുടെ പാര്‍ട്ടി അംഗത്വം സസ്പെന്‍ഡ് ചെയ്തും നിയമസഭാംഗത്വം റദ്ദ് ചെയ്യാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയും കോണ്‍ഗ്രസ് നടപടി സ്വീകരിക്കും.

കര്‍ണ്ണാകടത്തില്‍ നിര്‍ണ്ണായകമായ സീറ്റില്‍ ചിതറി നിന്നതും പ്രതിപക്ഷ മുന്നേറ്റത്തിന് തടസമായി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന രാജ്യസഭ തെരഞ്ഞടുപ്പിലെ തിരിച്ചടി പ്രതിപക്ഷത്തിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല.