ദില്ലി: മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ സീറ്റിന് സമീപത്ത്നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യസഭ 15 മിനിറ്റ് നിര്‍ത്തിവച്ചു. ട്രഷറി ബെഞ്ചിന് സമീപത്തെ സീറ്റിലെ വോട്ടിംഗിനും മൈക്കിനും ഉപയോഗിക്കുന്ന കീ ബോര്‍ഡില്‍നിന്നാണ് പുക ഉയര്‍ന്നത്. തന്‍റെ സീറ്റിന് സമീപത്ത്നിന്ന് പുക ഉയരുന്നതായി അല്‍ഫോന്‍സ് കണ്ണന്താനമാണ് ആദ്യം ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് കണ്ണന്താനവും മറ്റൊരു അംഗവും മാറിയിരുന്നു. രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് കേടുപാടുകള്‍ തീര്‍ത്ത് 15 മിനിറ്റിന് ശേഷമാണ് സഭ വീണ്ടും ചേര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണം.