41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടു; മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളിൽ വാശിയേറിയ പോരാട്ടം

ദില്ലി: പതിനഞ്ച് സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ഇന്ന് തന്നെ ഫലമറിയാം. പതിനൊന്ന് സംസ്ഥാനങ്ങളിലായി 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടിട്ടുണ്ട്. അതേസമയം നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നിര്‍ണായകയമാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും നിലപാട് ഫലം തീരുമാനിക്കുന്ന ഘടകമാകും. 6 സീറ്റുള്ള മഹാരാഷ്ടയില്‍ 7 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. ബിജെപി രണ്ടും മഹാവികാസ് അഘാഡിയിലെ കോണ്‍ഗ്രസ് ,എന്‍സിപി, ശിവസേന എന്നിവര്‍ ഓരോ സീറ്റിലും ജയമുറപ്പിച്ചിട്ടുണ്ട്. ആറാമത്തെ സീറ്റില്‍ ശിവസേനക്കും ബിജെപിക്കും സ്ഥാനാര്‍ത്ഥികളുണ്ട്. രാജസ്ഥാനിലും ഹരിയാനയിലും മാധ്യമസ്ഥാപന ഉടമകളായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ഇറക്കി ബിജെപി കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. മറുഭാഗത്താകട്ടെ, ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തരെ മത്സരിക്കാന്‍ നിയോഗിച്ചതില്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് ക്യാമ്പില്‍ അമര്‍ഷം ശക്തമാണ്. കർണാടകത്തില്‍ ജെഡിഎസ് ജയിക്കുമെന്ന് പ്രതീക്ഷിച്ച നാലാമത്തെ സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കുതിര കച്ചവടം തടയാന്‍ കക്ഷികള്‍ നേരത്തെ തന്നെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു.

കർണാടകത്തിൽ ത്രികോണ മത്സരം

കര്‍ണാടകത്തില്‍ ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. നിര്‍മലാ സീതാരാമന്‍, നടന്‍ ജഗ്ഗീഷ്, നിയമനിര്‍മാണ കൗണ്‍സില്‍ അംഗം ലെഹര്‍ സിങ് സിരോയ എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. നിലവില്‍ രണ്ട് സ്ഥാനാര്‍ത്ഥികളെയാണ് ബിജെപിക്ക് വിജയിപ്പിക്കാനാവുക. മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മന്‍സൂര്‍ അലി ഖാന്‍ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. 70 വോട്ടുകളുള്ള കോണ്‍ഗ്രസിന് നിലവില്‍ ഒരു സ്ഥാനാര്‍ത്ഥിയെ ആണ് വിജയിപ്പിക്കാനാവുക. വ്യക്തമായ ഭൂരിപക്ഷം ഇല്ലെങ്കിലും മുന്‍രാജ്യസഭാഗം കെ.കുപേന്ദ്ര റെഡ്ഢി ജെഡിഎസ് ടിക്കറ്റില്‍ മത്സരരംഗത്തുണ്ട്. ക്രോസ് വോട്ടിങ് സാധ്യത കണക്കിലെടുത്ത് 32 എംഎല്‍എമാരെയും ജെഡിഎസ് സ്വകാര്യ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ജെഡിഎസ് പിന്തുണ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്, ജെഡിഎസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്നായിരുന്നു കുമാരസ്വാമിയുടെ നിർദേശം.