ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിൽ രണ്ടു വോട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നിയമസഭാ സ്പീക്കറുടെയും ഒരു കോൺ​ഗ്രസ് എംഎൽഎയുടെയും വോട്ടുകൾ റദ്ദാക്കണമെന്നാണ് കോൺ​ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടു രേഖപ്പെടുത്തിയ ശേഷം ഇരുവരും ബാലറ്റുകൾ പരസ്പരം കാണിച്ചിരുന്നു. അട്ടിമറി ഭീഷണി നിലനിൽക്കുന്ന മണിപ്പൂരിൽ റിസോർട്ട് രാഷ്ട്രീയമാണ് നിലവിൽ നടക്കുന്നത്. റിസോർട്ടിൽ നിന്നെത്തിയാണ് കോൺ​ഗ്രസിന്റെയും ബിജെപിയുടെയും എംഎൽഎമാർ വോട്ട് ചെയ്തത്.

ഒരു രാജ്യസഭാ സീറ്റിലേക്കാണ് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരാണ് മണിപ്പൂരിലേത്. ഭരണപക്ഷത്തു നിന്ന് 9 ഒമ്പത് എംഎൽഎമാർ രാജിവച്ചിരുന്നു. ബുധനാഴ്ച മൂന്ന് ബിജെപി എംഎൽഎമാർ കോൺ​ഗ്രസിൽ ചേർന്നിട്ടുണ്ട്. ഒരു സ്വതന്ത്രനുൾപ്പടെ നാല് എംഎൽഎമാർ സർക്കാരിന് നൽകിയ പിന്തുണ പിൻവലിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ സർക്കാരിനെ അവിശ്വാസത്തിലൂടെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷമായ കോൺ​ഗ്രസ്.  

എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. രാജസ്ഥാനില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഗുജറാത്തില്‍ എന്‍സിപി, ബിടിപി പിന്തുണയോടെ മൂന്നാം സീറ്റും പിടിക്കുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. എന്നാല്‍ മണിപ്പൂരില്‍ തിരിച്ചടി നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം.ഗുജറാത്തില്‍ മൂന്നാം സീറ്റ്  വിജയിക്കാന്‍ രണ്ടു വോട്ടിന്റെ കുറവുണ്ടായിരുന്ന ബിജെപി അവസാന നിമിഷം എന്‍സിപി, ബിടിപി എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.  
 

Read Also: എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു...