Asianet News MalayalamAsianet News Malayalam

'കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ഒക്ടോബർ വരെ സമയം നൽകും', നടപടിയില്ലെങ്കിൽ രാജ്യവ്യാപക ട്രാക്ടർ റാലി: ടിക്കായത്ത്

കർഷകസമരം പാകിസ്ഥാൻ ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുന്നറിയിപ്പ് നൽകി. 

rakesh tikait response on Farmers protest against farm laws
Author
Delhi, First Published Feb 3, 2021, 8:41 AM IST

ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് ഈ വർഷം ഒക്ടോബർ വരെ പരാമവധി സമയം നൽകുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ഒക്ടോബറിലും നടപടി ഉണ്ടായില്ലെങ്കിൽ 40 ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുന്ന രാജ്യവ്യാപക ട്രാക്ടർ റാലി നടത്തുമെന്നും ടിക്കായത്ത് പ്രഖ്യാപിച്ചു. വാർത്താ ഏജൻസിയോടാണ് ടിക്കായത്തിന്റെ പ്രതികരണം. റോഡ് ഉപരോധിച്ചുള്ള സമരം ഒക്ടോബർ വരെ തുടരുമോ അതോ അത്തരത്തിലുള്ള സമരം ഒഴിവാക്കുമെന്നാണോ ടിക്കായത്തിന്റെ പ്രസ്താവന എന്നതിൽ വ്യക്തതയില്ല. ഒമ്പത് മാസം സമയം മോദി സർക്കാരിന് നൽകിക്കൊണ്ടുള്ള ടിക്കായത്തിന്റെ വാക്കുകളിൽ സംശയം പ്രകടിപ്പിച്ച് ഒരു വിഭാഗം രംഗത്തെത്തി. മറ്റ് കർഷക വിഭാഗങ്ങളൊന്നും ടിക്കായത്തിന്റെ ഈ നിലപാടിനോട് യോജിച്ചിട്ടില്ല. 

അതിനിടെ കർഷകസമരം പാകിസ്ഥാൻ ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുന്നറിയിപ്പ് നൽകി. പാക്ക് ഭീഷണിയെ ദുർബലമായി കാണാൻ സാധിക്കില്ല. പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് തന്നെ പരിഹരിക്കണം. കേന്ദ്ര സർക്കാർ ചർച്ചകൾ വലിച്ചു നീട്ടരുതെന്നും ഓപ്പറേഷൻ ബ്ളൂസ്റ്റാറിലേക്ക് നയിച്ച സംഭവങ്ങൾ ഓർക്കണമെന്നും അമരീന്ദർ സിംഗ്
മുന്നറിയിപ്പ് നൽകി. 

അതേസമയം, റിപബ്ലിക്ക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് 14 ട്രാക്ടറുകൾ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ നടന്ന അക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചെങ്കോട്ടയില്‍ ദേശീയപതാക അപമാനിക്കപ്പെട്ടത് ഉള്‍പ്പടെയുളള അക്രമസംഭവങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് വരും. ഹരിയാനയിലെ എട്ട് ജില്ലകളിലും ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്. 

കർഷക സമരത്തെ ചൊല്ലി പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. സമരത്തെ കുറിച്ച് ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പാര്‍ട്ടികൾ നോട്ടീസ് നൽകിയിട്ടുണ്ട്. ചര്‍ച്ചക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇരുസഭകളും പ്രക്ഷുബ്ധമായിരുന്നു. അനുമതി നിഷേധിച്ചാൽ ഇന്നും ഇരുസഭകളും തടസപ്പെടാൻ തന്നെയാണ് സാധ്യത. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് രാജ്യസഭയിൽ തുടങ്ങും. ലോക്സഭയിൽ ഇന്നലെ ചര്‍ച്ച തുടങ്ങിയിലെങ്കിലും ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു.

Follow Us:
Download App:
  • android
  • ios