ജനുവരി 14നും 24നും ഇടയ്ക്കുള്ള സമയത്ത് രാമക്ഷേത്രം തുറക്കുമ്പോള്‍ ഉണ്ടാവുന്ന തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനുള്ള പദ്ധതി തയ്യാറായതായും നൃപേന്ദ്ര മിശ്ര വിശദമാക്കി.
ദില്ലി: രാമ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന അയോധ്യയിലേക്കുള്ള ആദ്യ വിമാന സര്‍വീസുകള്‍ ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ എക്സ്ക്സൂസീവ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അടുത്തിടെ അയോധ്യ സന്ദര്‍ശിച്ച സിവില്‍ വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥര്‍ ഡിസംബര്‍ മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് സ്ഥിരീകരിച്ചതായും മൂന്ന് വിമാന കമ്പനികളെങ്കിലും അയോധ്യയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‍വര്‍ക്ക് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റയ്ക്ക് അനുവദിച്ച എക്സ്ക്ലൂസീവ് അഭിമുഖത്തില്‍ നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.
ഇതിന് പുറമെ അയോധ്യയിലേക്കുള്ള തീര്‍ത്ഥാടകരുടെ സുഗമമായ യാത്ര ഉറപ്പുവരുത്താന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകളും ആരംഭിക്കും. "രാമേശ്വരം, തിരുപ്പതി എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് പ്രത്യേക ട്രെയിനുകള്‍ തുടക്കത്തില്‍ സര്‍വീസ് നടത്തുക. ആളുകളെ നിയന്ത്രിക്കുന്നതില്‍ ഇതെല്ലാം സ്വാധീനം ചെലുത്തും" - നൃപേന്ദ്ര മിശ്ര പറഞ്ഞു.
ജനുവരി 14നും 24നും ഇടയ്ക്കുള്ള സമയത്ത് രാമക്ഷേത്രം തുറക്കുമ്പോള്‍ ഉണ്ടാവുന്ന തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനുള്ള പദ്ധതി തയ്യാറായതായും നൃപേന്ദ്ര മിശ്ര വിശദമാക്കി. ആള്‍ക്കൂട്ട നിയന്ത്രണം സംബന്ധിച്ച് അയോധ്യ കമ്മീഷണര്‍ അടുത്തിടെ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും, നഗരത്തിലെ വിവിധ ഹോട്ടലുകളിലും, ധര്‍മശാലകളിലും മറ്റ് താമസ സ്ഥലങ്ങളിലും ഉള്‍ക്കൊള്ളാനാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ചും, അയോധ്യയിലേക്ക് എത്ര ട്രെയിനുകള്‍ എത്തിച്ചേരുമെന്ന കാര്യത്തിലുമെല്ലാം വ്യക്തമായ കണക്കുകള്‍ ലഭിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്നും നൃപേന്ദ്ര മിശ്ര കൂട്ടിച്ചേര്‍ത്തു.
ഇതിനെല്ലാം പുറമെ എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടിയുള്ള പുണ്യസ്ഥാനമായി അയോധ്യയെ മാറ്റാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തിവരികയാണെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നൃപേന്ദ്ര മിശ്രയുമായുള്ള വിശദമായ അഭിമുഖം ഉടന്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‍വര്‍ക്കിലൂടെ ലഭ്യമാവും.
