Asianet News MalayalamAsianet News Malayalam

അയോധ്യ ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രിയുമായി വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റ് തലവന് കൊവിഡ്

ഭൂമിപൂജാചടങ്ങിന് ദിവസങ്ങൾക്ക് മുമ്പ്, രാമക്ഷേത്രത്തിലെ പൂജാരികളിലൊരാളായ പ്രദീപ് ദാസും പതിന്നാല് പൊലീസുദ്യോഗസ്ഥരും കൊവിഡ് പോസിറ്റീവായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തത്.

ram temple trust head tests positive for covid 19 shared stage with pm in ayodhya
Author
Lucknow, First Published Aug 13, 2020, 12:48 PM IST

അയോധ്യ: ഉത്തർപ്രദേശിലെ രാമജന്മഭൂമി ട്രസ്റ്റിന്‍റെ തലവൻ നൃത്യഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവർണർ ആനന്ദിബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് എന്നിവ‍ർ പങ്കെടുത്ത ചടങ്ങിൽ വേദി പങ്കിട്ടയാളാണ് നൃത്യഗോപാൽ ദാസ്. പ്രധാനമന്ത്രിക്ക് പുറമേ നാല് പേർക്ക് മാത്രമാണ് ചടങ്ങിൽ വേദിയിലിരിക്കാൻ അനുമതിയുണ്ടായിരുന്നത്. 

കഴിഞ്ഞ ബുധനാഴ്ചയാണ് രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തത്. ഭൂമിപൂജാചടങ്ങിന് ദിവസങ്ങൾക്ക് മുമ്പ്, രാമക്ഷേത്രത്തിലെ പൂജാരികളിലൊരാളായ പ്രദീപ് ദാസും പതിന്നാല് പൊലീസുദ്യോഗസ്ഥരും കൊവിഡ് പോസിറ്റീവായിരുന്നു. ഇതിന് രണ്ടാഴ്ചയോളം കഴിഞ്ഞ ശേഷമാണ് മുഖ്യപൂജാരി കൂടിയായ നൃത്യഗോപാൽ ദാസിനും കൊവിഡ് സ്ഥിരീകരിക്കുന്നത്.

ഭൂമിപൂജയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു. 'ഇപ്പോൾ നടപ്പാകുന്നത് രാമന്‍റെ നീതിയാണ്. പരസ്പരസ്നേഹം കൊണ്ട് വേണം ഈ ക്ഷേത്രത്തിന്‍റെ ഓരോ ശിലയും കൂട്ടിച്ചേർക്കണ്ടത്. മാതൃഭൂമി അമ്മയെപ്പോലെയാണെന്ന് രാമൻ നമ്മെ പഠിപ്പിച്ചു. മഹാത്മാഗാന്ധി പോലും രാമരാജ്യമാണ് സ്വപ്നം കണ്ടത്. രാജ്യം ഇന്ന് മുന്നോട്ട് പോകുകയാണ്. ശ്രീരാമൻ സ്വന്തം കർത്തവ്യം മറക്കരുതെന്നാണ് എല്ലാവരോടും പറഞ്ഞത്. കൊറോണ കാലത്ത് എല്ലാവരും മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം'', എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 

അൺലോക്ക് രണ്ടാം ഘട്ടത്തിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയപ്പോൾ അയോധ്യയിലെ താൽക്കാലികക്ഷേത്രവും തുറന്നിരുന്നു. ഈ വർഷം ആദ്യം നടക്കേണ്ടിയിരുന്ന ഭൂമിപൂജ, കൊവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടുപോയത്.

Follow Us:
Download App:
  • android
  • ios