ബെംഗളൂരു: സിഡി വിവാദം കത്തിപ്പടർന്നതിന് പിന്നാലെ കർണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാർക്കിഹോളി രാജിവച്ചു. രാജി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അംഗീകരിച്ചു. കോൺഗ്രസ് ജെ‍‍ഡിഎസ് സഖ്യസർക്കാരിനെ മറിച്ചിട്ട് ബിജെപിയെ അധികാരത്തിലേറ്റാന്‍ ചുക്കാന്‍ പിടിച്ച നേതാവാണ് ആരോപണമുയർന്ന് ഒരുദിവസത്തിനകം മന്ത്രിസഭയില്‍നിന്നും പുറത്താകുന്നത്.

പ്രതിഷേധം ശക്തമായതോടെ ഗത്യന്തരമില്ലാതെയാണ് രമേശ് ജാർക്കിഹോളിയുടെ രാജി. ബിജെപി കേന്ദ്ര നേതൃത്വം  രാജിയാവശ്യപ്പെട്ടതാണെന്നും സൂചനയുണ്ട്. താന്‍ തെറ്റുകാരനല്ലെന്നും എന്നാല്‍ ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ ജാർക്കിഹോളി പറയുന്നു.

വിഷയത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബെലഗാവി സ്വദേശിയായ രമേശ് ജാർക്കിഹോളി 2019 ല്‍ കോൺഗ്രസില്‍ നിന്നാണ് ബിജെപിയിലേക്കെത്തുന്നത്. കോൺഗ്രസ് ജെഡിഎസ് സഖ്യസർക്കാരിനെ മറിച്ചിട്ട് ബി എസ് യെദ്യൂരപ്പയെ അധികാരത്തിലേറ്റാന്‍ നിർണായക ചരടുവലികൾ നടത്തിയയാളാണ് മന്ത്രിസഭയില്‍നിന്ന് പുറത്തേക്ക് പോകുന്നത്. മറ്റ് പാർട്ടികളില്‍നിന്നായി 16 എംഎല്‍മാരെ ബിജെപിയിലെത്തിക്കാന്‍ ചർച്ചകൾക്ക് നേതൃത്വം നല്‍കിയത് ജാർക്കിഹോളിയായിരുന്നു. 

അതുകൊണ്ടുതന്നെ മന്ത്രിയെ ഹണിട്രാപ്പില്‍ പെടുത്തിയതാണോയെന്നും സംശയമുയരുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാലേ കേസ് രജിസ്റ്റർ ചെയ്യുവെന്നാണ് ബെംഗളൂരു പൊലീസിന്‍റെ നിലപാട്. 25 കാരിയായ പെൺകുട്ടിയെ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി നിരന്തരം പീഡിപ്പിച്ചെന്ന് കഴിഞ്ഞ ദിവസമാണ് ബെംഗളൂരു പൊലീസില്‍ പരാതിയെത്തിയത്. സാമൂഹ്യ പ്രവർത്തകനായ ദിനേഷ് കലഹള്ളി പരാതിയോടൊപ്പം ഇരുവരുടെയും സ്വകാര്യദൃശ്യങ്ങളും ഫോൺ സംഭാഷണങ്ങളും അടങ്ങിയ സിഡിയും നല്‍കിയിരുന്നു.