ദില്ലിയിലെ ജൻപഥിലെ അദ്ദേഹത്തിന്‍റെ വസതിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, രവിശങ്കർ പ്രസാദ് തുടങ്ങിയ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചിരുന്നു.

ദില്ലി: അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് ബിഹാറിലെ പട്‍നയിൽ നടക്കും. ഇന്നലെ ദില്ലിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം രാത്രിയോടെ പട്‍നയിൽ എത്തിച്ചിരുന്നു. പട്‍നയിലെ എൽജെപി ഓഫീസിൽ നടത്തുന്ന പൊതുദർശനത്തിന് ശേഷമാകും സംസ്കാരച്ചടങ്ങുകൾ. ദില്ലിയിലെ ജൻപഥിലെ വസതിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, രവിശങ്കർ പ്രസാദ് തുടങ്ങിയ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.

ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് പസ്വാൻ അന്തരിച്ചത്. 

എന്നും പ്രായോഗികരാഷ്ട്രീയത്തിന്‍റെ വക്താവായിരുന്നു രാംവിലാസ് പസ്വാൻ. രാജ്യത്ത് ദളിത് രാഷ്ട്രീയത്തിലൂടെ ഉയർന്ന്, പ്രധാനഅധികാരപദവികളിലേക്ക് എത്തിയ പസ്വാൻ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട്, 1969-ൽ പസ്വാൻ ആദ്യമായി ബിഹാർ നിയമസഭാംഗമായി. 74-ല്‍ ലോക്ദളിലേക്ക് ചുവട് മാറ്റം. പിന്നീട് ജനതാപാര്‍ട്ടിയില്‍. 

1980 മുതല്‍ പാര്‍ലമെന്‍റില്‍ രാംവിലാസ് പാസ്വാന്‍റെ ശബ്ദമുയര്‍ന്നു. ഭാഗ്യ മണ്ഡലമെന്ന് പസ്വാന്‍ വിളിച്ചിരുന്ന ഹാജിപൂര്‍ എട്ട് തവണ അദ്ദേഹത്തെ ലോക്സഭയിലേക്ക് അയച്ചു. യുപിഎയില്‍ നിന്ന് എന്‍ഡിഎയിലെത്തിയ അദ്ദേഹം നരേന്ദ്രമോദി മന്ത്രിസഭയില്‍ ആറാം വര്‍ഷം ഭക്ഷ്യമന്ത്രിയായിരിക്കെയാണ് അന്തരിച്ചത്.