കടുത്ത അതൃപ്തിയിലാണെങ്കിലും സംസ്ഥാനത്ത് വിമത നീക്കത്തിനില്ലെന്ന് ഡികെ ശിവകുമാർ പറയുന്നു
ദില്ലി: കർണാടകയിൽ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് എന്തിനാണ് ഇത്ര ധൃതിയെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല. ഈ രാത്രി കൂടി കാത്തിരിക്കൂവെന്നും എഐസിസി നിയോഗിച്ച നിരീക്ഷകരുടെ റിപ്പോർട്ടിന് മേലെ ചർച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ നാളെയും ചർച്ച തുടരും.
അതിനിടെ നിരീക്ഷകരുടെ റിപ്പോർട്ടിലെ സുപ്രധാന വിവരം പുറത്തുവന്നു. കർണാടക നിയമസഭയിലേക്ക് ജയിച്ച 136 കോൺഗ്രസ് അംഗങ്ങളിൽ 85 എംഎൽഎമാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 45 നിയമസഭാംഗങ്ങളാണ് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് താത്പര്യപ്പെടുന്നത്. അവശേഷിക്കുന്ന ആറ് അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേ എന്നാണ് നിലപാടെടുത്തത്.
കടുത്ത അതൃപ്തിയിലാണെങ്കിലും സംസ്ഥാനത്ത് വിമത നീക്കത്തിനില്ലെന്ന് ഡികെ ശിവകുമാർ പറയുന്നു. നിയമസഭാംഗങ്ങളിൽ കൂടുതൽ പേരുടെ പിന്തുണയുള്ള സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകാനാണ് സാധ്യത. അങ്ങിനെ വന്നാൽ ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും നൽകിയേക്കും. മുഖ്യമന്ത്രി പദം രണ്ട് ഘട്ടങ്ങളിലായി രണ്ട് പേർക്കും വീതിച്ച് നൽകാനാവുമോയെന്നതും കോൺഗ്രസ് നേതൃത്വം പരിശോധിക്കുന്നുണ്ട്.
പക്ഷെ ഇതുകൊണ്ടും പ്രശ്നം തീരില്ലെന്നാണ് സൂചന. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി പദത്തിന് മുതിർന്ന നേതാവ് എംബി പാട്ടീൽ ഉൾപ്പെടെ നേതാക്കൾ അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന് മന്ത്രിസഭാ രൂപീകരണത്തിൽ മറ്റ് നേതാക്കളുടെ സമ്മർദ്ദത്തിനും ഉത്തരം കണ്ടെത്തേണ്ടി വരും.
