ദില്ലി: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ  സാന്നിധ്യത്തില്‍ ദൈവനാമത്തിലാണ് ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തത്. ഗൊഗോയിയുടെ സഭാംഗത്വം നാണക്കേടെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. പ്രതിഷേധിച്ച് കോൺഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപോയി. പ്രതിപക്ഷം ബഹളം വച്ചത് നിർഭാഗ്യകരമെന്ന് രവിശങ്കർ പ്രസാദ് പ്രതികരിച്ചു.

രാഷ്ട്രപതിയാണ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സ്ഥാനം ഏറ്റെടുക്കരുതെന്ന മുന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ ഉള്‍പ്പടെ അഭിപ്രായം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തള്ളുകയായിരുന്നു. രഞ്ജന്‍ ഗൊഗോയിയെ നോമിനേറ്റ് ചെയ്തതിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ആദ്യമായാണ് ഒരു സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് നോമിനേറ്റഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്ര മുമ്പ് കോണ്‍ഗ്രസ് അംഗമായി സഭയില്‍ എത്തിയിരുന്നു. 

ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരെ സാമൂഹ്യപ്രവര്‍ത്തക മധു കിഷ്‌വാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭാംഗത്വം നല്‍കിയതിനെ രാഷ്ട്രീയനിറമുള്ള നിയമനം എന്നാണ് ഹര്‍ജിയില്‍ വിശേഷിപ്പിക്കുന്നത്. വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ എംപി സ്ഥാനം ലഭിക്കുക വഴി, അദ്ദേഹത്തിന്റെ കാലത്തെ എല്ലാ വിധികളും സംശയ നിഴലിലാവുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: രഞ്ജൻ ഗൊഗോയ് നാളെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും, എതിർത്ത് ഹർജി

വ്യക്തിപരമായ വിയോജിപ്പുകള്‍ മാറ്റിവച്ച് എല്ലാ വിഭാഗങ്ങളും ഏറ്റെടുത്ത ചരിത്ര വിധികള്‍ അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. വിരമിച്ച ശേഷം ഇത്തരം പദവികളോ, രാഷ്ട്രീയനിയമനങ്ങളോ ലഭിക്കുന്നത് ജുഡീഷ്യറിയുടെ അധികാരത്തിന് മേലുള്ള മുറിപ്പാടാണെന്ന് ജസ്റ്റിസ് ഗൊഗോയ് തന്നെ പദവിയിലിരിക്കുമ്പോള്‍ പറഞ്ഞതാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക