തിരുവനന്തപുരം: തിരുവനന്തപുരം-നാഗർകോവിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ യുവതിക്കെതിരെ പീഡനശ്രമം. കണ്ടക്ടർക്കെതിരെ യാത്രക്കാരി പരാതി നല്‍കി. ബസ് പാറശ്ശാലയിൽ പൊലീസ് പിടിച്ചിട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. 

തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കയറിയ യാത്രക്കാരിയോട് കണ്ടക്ടർ മോശമായി പെരുമാറിയെന്നാണ് പരാതി. ബസ് പാറശ്ശാലയിൽ എത്തിയപ്പോള്‍ യുവതി ബഹളം വയ്ക്കുകയും ബസ് നിര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന്, സ്ഥലത്തെത്തിയ പൊലീസുകാര്‍ നാട്ടുകാരോട് ആദ്യം തട്ടിക്കയറിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ കണ്ടക്ടർക്കെതിരെ യാത്രക്കാരി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടക്ടർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.