ദില്ലി: ഇന്ത്യയിലെ സുപ്രധാന ജയിലുകളില്‍ ഒന്നായ തിഹാര്‍ ജയില്‍ കൊവിഡ് ഭീതിയില്‍. തിഹാര്‍ ജയിലില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പുറമെ കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിനിടെ പീഡനക്കേസലെ പ്രതി തിഹാര്‍ ജയിലില്‍ എത്തിയതോടെയാണ് കൊവിഡും ജയിലിലേക്കെത്തിയതെന്നാണ് ഇപ്പോള്‍ അധികൃതര്‍ സംശയിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പീഡനക്കേസ് പ്രതിയെ തിഹാര്‍ ജയിലിലേക്ക് കൊണ്ട് വന്നത്. ഇതിനിടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇതോടെ കേസിലെ പ്രതിയെയും ജയിലില്‍ കൂടെയുള്ളയാളെയും നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇവരുടെ പരിശോധനാ ഫലങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

ജയിലില്‍ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. പുതുതായി ജയിലില്‍ എത്തുന്നവരെ കൊറോണ വൈറസ് സ്ക്രീനിംഗിന് ശേഷം മാത്രമാണ് പ്രവേശിപ്പിക്കുക. ഛോട്ടാ രാജന്‍ ഉള്‍പ്പടെയുള്ളവരുള്ള തിഹാര്‍ ജയിലിലെ നമ്പര്‍ 2 സെല്ലിലാണ് പീഡനക്കേസ് പ്രതിയും കഴിഞ്ഞിരുന്നത്. എന്നാല്‍, ഇരുവരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയിലെ ആർതർ റോഡ് സെൻട്രൽ ജയിലിൽ കൂടുതൽ തടവുകാരിലേക്ക് രോഗം വ്യാപിച്ചതോടെ ആശങ്ക വർധിക്കുകയാണ്. നഗരത്തിൽ കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങൾ ഊർജിതമാക്കാനായി സ്വകാര്യ ഡോക്ടർമാരുടെ സേവനം തേടാനുള്ള സർക്കാർ നീക്കവും ഫലം കാണുന്നില്ല. 800 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ആർതർ റോഡ് സെൻട്രൽ ജയിലിലുള്ളത്.

പക്ഷെ 2700 തടവുകാരും 120 ജീവനക്കാരും ഇപ്പോൾ ജയിലിലുണ്ട്. 50 പേർക്കായി തയാറാക്കിയ ബാരക്കുകളിൽ 250ലേറെ തടവുകാരെയാണ് കൂട്ടത്തോടെ പാർപ്പിച്ചിരിക്കുന്നത്. സമൂഹ്യ അകലം പാലിച്ച് രോഗവ്യാപനം തടയാൻ ശ്രമിക്കണമെന്ന് പറഞ്ഞാലും മുന്നിലുള്ളത് ഈ കണക്കുകളാണ്. 45 കാരനായ ലഹരിക്കടത്ത് പ്രതിയിൽ നിന്നാണ് ജയിലിൽ രോഗം വ്യാപിക്കുന്നത്. ജീവനക്കാരടക്കം 184 പേർ ഇതുവരെ രോഗ ബാധിതരായി.