ശിവസേനാ മുഖപത്രത്തിന്‍റെ ചീഫ് എഡിറ്ററായി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയെ നിയമിച്ചു. 

മുംബൈ: ശിവസേനാ മുഖപത്രം 'സാമ്ന'യുടെ മുഖ്യപത്രാധിപരായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയെ നിയമിച്ചു. ശിവസേന അധ്യക്ഷനായ ഉദ്ധവ് താക്കറെ തന്നെയാണ് രശ്മി താക്കറെയെ ചീഫ് എഡിറ്ററായി നിയമിച്ചത്. 'സാമ്ന'യുടെ എക്സിക്യൂട്ടീവ് എ‍ഡിറ്ററായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുടരും.

മുഖ്യമന്ത്രിയാകുന്നതിന് മുന്നോടിയായി 2019 നവംബറിലാണ് 'സാമ്ന'യുടെ പത്രാധിപ സ്ഥാനം ഉദ്ധവ് താക്കറെ രാജിവെച്ചത്. പിന്നീട് സഞ്ജയ് റാവത്തിനായിരുന്നു ചീഫ് എഡിറ്ററുടെ ചുമതല. 1988 ജനുവരി 23നാണ് ബാല്‍താക്കറെ സാമ്ന ആരംഭിച്ചത്. ശിവസേന തലവനായിരുന്ന ബാല്‍ താക്കറെയായിരുന്നു 'സാമ്ന'യുടെ ആദ്യ പത്രാധിപര്‍. ബാല്‍ താക്കറെയുടെ മരണത്തിന് ശേഷമാണ് ഉദ്ധവ് താക്കറെ പത്രത്തിന്‍റെ ചീഫ് എഡിറ്ററായി ചുമതലയേറ്റത്.