ഇൻഡോറിലെ ഒരു സർക്കാർ ആശുപത്രിയിൽ നവജാത ശിശുക്കളെ എലി കടിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രണ്ട് കുഞ്ഞുങ്ങൾക്കാണ് എലിക്കടിയേറ്റത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ നവജാത ശിശുക്കൾക്ക് എലിക്കടിയേറ്റു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് സംഭവം നടന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നായ മഹാരാജ യശ്വന്ത്രോ ചിക്ത്സാലയ (MYH) യിൽ നടന്ന ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രി അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ. അശോക് യാദവ് ഈ സംഭവം സ്ഥിരീകരിച്ചു.

സംഭവത്തിന്‍റെ വിശദാംശങ്ങൾ

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഐസിയുവിലെ ഒരു കുഞ്ഞിന്‍റെ വിരലിനും മറ്റൊരു കുഞ്ഞിന്‍റെ തലയ്ക്കും തോളിലുമാണ് എലികൾ കടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇരു ശിശുക്കൾക്കും ജന്മനാ വൈകല്യങ്ങളുണ്ടായിരുന്നു. അതിലൊരു കുഞ്ഞിനെ ഖാർഗോൺ ജില്ലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയ്ക്കായി ഈ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജീവനക്കാർക്ക് 24 മണിക്കൂറും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിലെ ജനലുകളിൽ ഇരുമ്പ് വലകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. കൂടാതെ, പുറത്തുനിന്നുള്ള ഭക്ഷണം വാർഡുകളിലേക്ക് കൊണ്ടുവരരുതെന്ന് കൂട്ടിരിപ്പുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങളാണ് എലികളെ വരാൻ കാരണമെന്നാണ് കരുതുന്നതെന്നും ഡോ. അശോക് യാദവ് പറഞ്ഞു.

സർക്കാർ അനാസ്ഥക്കെതിരെ കോൺഗ്രസ്

സംഭവത്തിൽ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ് എംഎൽഎയും മധ്യപ്രദേശ് പ്രതിപക്ഷ നേതാവുമായ ഉമങ് സിംഗ് എക്‌സിൽ ഒരു വീഡിയോ പങ്കുവെച്ചു. ആശുപത്രിയിലെ നിയോനാറ്റൽ ഇന്‍റൻസീവ് കെയർ യൂണിറ്റിലെ (NICU) എലി കറങ്ങിനടക്കുന്നതാണ് വീഡിയോയിലുള്ളത്. "സർക്കാരേ, നവജാതശിശുക്കളോട് കരുണ കാണിക്കൂ...! ഇൻഡോറിലെ ആശുപത്രിയുടെ അവസ്ഥ നോക്കൂ. നവജാതശിശുക്കളെ എലികൾ കടിച്ചു. അഞ്ച് വർഷമായി ബിജെപി സർക്കാരിന് കീട നിയന്ത്രണം നടത്താൻ കഴിഞ്ഞിട്ടില്ല! ഇത് വെറും അനാസ്ഥയല്ല, വംശഹത്യയാണ്. ആശുപത്രികൾ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ളതാണ്, എന്നാൽ ബിജെപി അവയെ മരണത്തിന്‍റെ ഗുഹയാക്കി മാറ്റി. ഡോക്ടർമാരും സംവിധാനവും കള്ളം പറഞ്ഞുകൊണ്ടിരുന്നു, എലികൾ കുട്ടികളുടെ രക്തം കുടിച്ചുകൊണ്ടിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.