മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ശിവസേനാ നേതാവ് സഞ്ജയ് റൌത്ത്. കുംഭമേളയ്ക്കിടെ ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകാന്‍ പോലും മനസ് കാണിച്ച പ്രധാനമന്ത്രിയുടെ മനുഷ്യത്വം ഇപ്പോള്‍ നഷ്ടമായെന്നാണ് ആരോപണം. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് പ്രധാനമന്ത്രിയുടെ മനുഷ്യത്വം അപ്രത്യക്ഷമായി. അതാണ് രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ അവഗണിക്കുന്നതെന്നാണ് ആരോപണം. 

ശിവസേന മുഖപത്രമായ സാമ്നയിലാണ് പ്രധാനമന്ത്രിക്കെതിരായ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രയാഗ് രാജിലെ കുംഭമേളയിലാണ് ശുചീകരണ തൊഴിലാളികളോടുള്ള ആദരം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി ഇവരുടെ കാലുകള്‍ കഴുകിയത്. സ്വന്തം വീടുകള്‍ വിട്ട് അഭയാര്‍ത്ഥികളാവേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളേക്കുറിച്ച് രാഷ്ട്രീയം കലര്‍ത്തി സംസാരിക്കുന്ന നേതാക്കള്‍ ഗതികെട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ടി വരുന്ന ആറ് കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച്  ചിന്തിക്കുന്നില്ലെന്ന് സഞ്ജയ് റൌത്ത് ആരോപിക്കുന്നു.

യോഗിയുടെ പെരുമാറ്റം ഹിറ്റ്ലറെപ്പോലെ; ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന

കൊവിഡ് 19 വ്യാപനം തടയാന്‍ പരാജയപ്പെട്ട ഗുജറാത്ത്, യുപി സര്‍ക്കാര്‍ അനുകൂലികളാണ് മഹാരാഷ്ട്രയിലെ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടുള്ളതെന്നും റൌത്ത് കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 വ്യാപനത്തില്‍ ഒരേ തോണിയിലാണ് എല്ലാവരും സഞ്ചരിക്കുന്നത്. സാമ്പത്തിക സ്ഥിതിയേയും കൊവിഡ് 19 ഒരുപോലെ തന്നെയാണ് ബാധിച്ചിരിക്കുന്നത്. ഈ സമയത്ത് ഒന്നിച്ച് നിന്നാണ് പോരാടേണ്ടെതെന്നും സഞ്ജയ് റൌത്ത് കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 സമയത്ത് രൂക്ഷ വിമര്‍ശനം തുടര്‍ച്ചയായി ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെതിരെയും രൂക്ഷമായി വിമര്‍ശനമാണ് സഞ്ജയ് റൌത്ത്  നടത്തിയിട്ടുള്ളത്.