ഇന്ത്യയിലെ പകർപ്പവകാശ നിയമം മനസിലാക്കിയിട്ട് വേണം അമേരിക്കൻ പകർപ്പവകാശനിയമം നടപ്പാക്കാനെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.

ദില്ലി: കേന്ദ്രസർക്കാരും സമൂഹമാധ്യമമായ ട്വിറ്ററും തമ്മിലുള്ള പോര് തുടരുന്നു. ട്വിറ്ററിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. ഇന്ത്യയിലെ പകർപ്പവകാശ നിയമം മനസിലാക്കിയിട്ട് വേണം അമേരിക്കൻ പകർപ്പവകാശനിയമം നടപ്പാക്കാനെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. യുഎസ് നിയമത്തിലൂടെ തന്റെ അഭിപ്രായങ്ങളെ നിയന്ത്രിക്കാമെന്ന് ട്വിറ്റർ കരുതേണ്ടന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. 

നേരത്തെ പകര്‍പ്പവകാശ ലംഘനമുണ്ടായെന്ന് കാണിച്ച് കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് ട്വിറ്റർ ലോക്ക് ചെയ്തിരുന്നു. 2017 ഡിസംബർ 16ന് ചെയ്ത ഒരു ട്വീറ്റ് പക‌ർപ്പാവകാശം ലംഘിച്ചുവെന്ന സോണി മ്യൂസിക്കിന്റെ പരാതിയെ തുട‌ർന്നാണ് ട്വീറ്റ് നീക്കം ചെയ്തതെന്നാണ് വിശദീകരണം. വിജയ ദിവസ് അനുസ്മരിച്ച് അപ്ലോഡ് ചെയ്ത വീഡിയോയിൽ എ ആ‌ർ റഹ്മാന്റെ മാ തുജേ സലാം എന്ന ​ഗാനം പശ്ചാത്തല സംഗീതമായി ഉപയോ​ഗിച്ചിരുന്നു. ഈ പാട്ടിന്റെ പക‌ർപ്പാവകാശം സോണി മ്യൂസിക്കിനാണെന്നും ഈ പരാതിയിലാണ് നടപടിയെന്നും ഇനിയും പരാതികള്‍ ഉണ്ടായാല്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്യുമെന്നും ട്വിറ്റര്‍ മന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാരും ട്വിറ്ററും തമ്മില്‍ വിവിധ വിഷയങ്ങളില്‍ പോര് തുടരുന്ന സാഹചര്യത്തില്‍ ഐടി മന്ത്രിയുടെ തന്നെ അക്കൗണ്ട് ലോക്ക് ചെയ്തതത് ഏറ്റുമുട്ടല്‍ കൂടുതൽ രൂക്ഷമാക്കി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona