ദില്ലി: രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. വിവരങ്ങൾ ചോർത്തുന്നുവെന്ന വാട്സ് ആപ്പ് സന്ദേശം ലഭിച്ചപ്പോൾ തന്നെ സർക്കാർ ഇടപെട്ടെന്നും രവിശങ്കർ പ്രസാദ് പാര്‍ലമെന്‍റില്‍ പറഞ്ഞു.

ചാരപ്രവൃത്തി നടക്കുന്നുവെന്ന് അറിഞ്ഞിട്ടും സർക്കാർ ജാഗ്രത നിർദ്ദേശം നൽകാത്തതെന്തുകൊണ്ടാണെന്ന സിപിഎമ്മിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിയമമന്ത്രി. വാട്സ് ആപ് നൽകിയ അറിയിപ്പ് കേന്ദ്രം സഭയുടെ  മേശപ്പുറത്ത് വയ്ക്കണമെന്നും കെ കെ രാഗേഷ് എംപി ആവശ്യപ്പെട്ടു. 

സർക്കാർ വാട്സ് ആപ്പിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സ്വകാര്യത സംരക്ഷണത്തിൽ വിട്ടു വീഴ്ചയില്ല എന്നുമായിരുന്നു രവിശങ്കര്‍ പ്രസാദിന്‍റെ പ്രതികരണം. രാജ്യസുരക്ഷയിലും വിട്ടു വീഴ്ച്ച യില്ല. മെസേജിംഗ് ആപ്പുകൾക്ക് സുരക്ഷ ഉറപ്പ് വരുത്തും. ചാരപ്രവൃത്തിയെക്കുറിച്ച് ഒരു പരാതി പോലും കേന്ദ്ര സർക്കാരിന് ലഭിച്ചില്ല. ഒരു കേസ് പോലും എവിടെയും രജിസ്റ്റർ ചെയ്തില്ല. വാർത്ത വന്നതിന് പിന്നാലെ പ്രതിപക്ഷം രാഷ്ടീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചാര സോഫ്റ്റ്‍വെയർ സർക്കാർ വാങ്ങിയോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.