ദില്ലി: കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. കൊവിഡ് കാലത്ത് സാമ്പത്തിക രംഗം ചുരുങ്ങുന്നുവെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചത്. താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണെന്നും ഇപ്പോള്‍ ആര്‍ബിഐ സ്ഥിരീകരിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സാമ്പത്തിക രംഗം കരകയറാനുള്ള മാര്‍ഗവും രാഹുല്‍ നിര്‍ദേശിച്ചു. പാവങ്ങള്‍ക്ക് പണം നല്‍കി വിപണിയില്‍ കൂടുതല്‍ പണമെത്തിക്കണമെന്നും വ്യവസായികള്‍ക്ക് നികുതിയിളവ് നല്‍കരുതെന്നും ഉപഭോഗത്തിലൂടെ സാമ്പത്തിക രംഗത്തെ തിരിച്ചുകൊണ്ടുവരാനാകുമെന്നും രാഹുല്‍ നിര്‍ദേശിച്ചു. മാധ്യമങ്ങളിലൂടെയുള്ള ശ്രദ്ധ പാവങ്ങളെ സഹായിക്കുകയോ സാമ്പത്തിക ദുരന്തം ഇല്ലാതാക്കുകയോ ചെയ്യില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. സാമ്പത്തിക പ്രശ്‌നം

സെപ്റ്റംബര്‍ വരെയുണ്ടാകുമെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപനം, ദുര്‍ബലമായ മണ്‍സൂണ്‍, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ വളര്‍ച്ചക്ക് തടസ്സമാണെന്നും ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് വ്യാപനം കറന്‍സി നോട്ടുകളുടെ വിതരണത്തെ ബാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനമാണ് കറന്‍സി സപ്ലൈ കുറഞ്ഞതെന്നും ആര്‍ബിഐ വ്യക്തമാക്കി.

കൊവിഡ് കാലത്ത് സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. പണം വായ്പയായി നല്‍കുകയല്ല, നേരിട്ട് പാവങ്ങള്‍ക്ക് ലഭ്യമാക്കണമെന്നായിരുന്നു രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ആവശ്യം. എന്നാല്‍, രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു.