ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി  നരേന്ദ്ര മോദിയെ ടെലിഫോണിൽ വിളിക്കാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഇന്ത്യ പ്രതികരിച്ചില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുടെ പ്രതികരണം നിരാശാജനകമെന്ന് ഇമ്രാന്‍ ഖാന്‍ വിശദമാക്കി. പുല്‍വാമയടക്കമുള്ള എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ  ഇന്നലെ വ്യക്തമാക്കിയിരുന്നു.

കശ്മീര്‍ ചാവേർ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കാൻ തയാറാണെന്ന്  ഇമ്രാൻ ഖാൻ ഇന്നലെ വിശദമാക്കിയിരുന്നു. ഈ പ്രശ്നങ്ങൾ ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. ഇതു നടപ്പിലാക്കുന്നതാണ് നല്ലത്. നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയല്ല, മറിച്ച് പാകിസ്ഥാന്റെ ശേഷി കാണിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇമ്രാൻ ഖാൻ ഇന്നലെ പറഞ്ഞിരുന്നു. 

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ എത്രത്തോളം ബാധിച്ചിരിക്കുമെന്ന് ഞങ്ങൾക്കു നന്നായി അറിയാം. ദശാബ്ദങ്ങളായി പാക്കിസ്ഥാൻ യുദ്ധത്തിന്റെ ഇരകളാണെന്നും ഇമ്രാന്‍ ഖാന്‍ ഇന്നലെ പറഞ്ഞിരുന്നു. സൈനിക നടപടി പരിധി വിട്ടാൽ പിന്നെ ആരുടെയും നിയന്ത്രണത്തിൽ നിൽക്കില്ലെന്നും ഇന്നലെ ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

പുല്‍വാമ സംഭവത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും ആണവശക്തികളാണ്, അപ്പോൾ എങ്ങനെ സൈനിക പരിഹാരം ഉണ്ടാക്കുമെന്നും ഇന്ത്യ അടിച്ചാൽ തിരിച്ചടിക്കുമെന്നുമുള്ള ഇമ്രാന്‍ ഖാന്റെ പ്രതികരണത്തിന് ശേഷമാണ് ബാലാകോട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയത്.