ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി കമലം എന്നാക്കിയ ഗുജറാത്ത് സര്‍ക്കാറിന്റെ നടപടി സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ചര്‍ച്ചക്ക് കാരണമായിരിക്കുകയാണ്. പേരുമാറ്റത്തെ എതിര്‍ത്തും പരിഹസിച്ചും നിരവധി ട്രോളുകളാണ് ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റാനുള്ള കാരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി വിജയ് രൂപാണി. 

ഡ്രാഗണ്‍ എന്നത് ചൈനയുമായി ബന്ധപ്പെട്ട പദമാണെന്നും അതുകൊണ്ടാണ് പേര് മാറ്റുന്നതെന്നുമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പഴത്തിന് താമരയുടെ രൂപമാണെന്നും അതുകൊണ്ടു തന്നെ താമരയെ സൂചിപ്പിക്കുന്ന കമലം എന്ന പദമാണ് കൂടുതല്‍ യോജിക്കുകയെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവര്‍ രംഗത്തെത്തി. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തിലെ കച്ചിലും നവസാരിയിലുമുള്ള കര്‍ഷകര്‍ വ്യാപകമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ഗുജറാത്തിലെ ബിജെപി ഓഫീസിന്റെ പേരും കമലം എന്നാണ്. ഡ്രാഗണ്‍ ഫ്രൂട്ടിന് കമലം എന്ന പേരിനായി സംസ്ഥാനം പേറ്റന്റിന് അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

ഗുജറാത്തിലെ വനംവകുപ്പും ഡ്രാഗണ്‍ഫ്രൂട്ടിന്റെ പേരുമാറ്റം സംബന്ധിച്ച് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ആഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിലും അപേക്ഷ നല്‍കിയിട്ടുണ്ട്. 2020 ജൂലൈ 26ന് പ്രധാനമന്ത്രി നടത്തിയ റേഡിയോ സംഭാഷണമായ മന്‍ കി ബാത്തിലും ഡ്രാഗണ്‍ ഫ്രൂട്ടിനേക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.