Asianet News MalayalamAsianet News Malayalam

ആപ് എംഎല്‍എക്ക് നേരെ വെടിവെപ്പ്; ഗുണ്ടാപ്പകയെന്ന് പൊലീസ് നിഗമനം

വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് വെടിവെപ്പുണ്ടായതും സഹായി കൊല്ലപ്പെട്ടതും. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെയാണ് നാല് റൗണ്ട് വെടിവെപ്പുണ്ടായത്

reason behind gun shot to AAP MLA is gang war between two groups, Police said
Author
New Delhi, First Published Feb 12, 2020, 8:37 AM IST

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന ചൊവ്വാഴ്ച രാത്രി എഎപി എംഎല്‍എ നരേഷ് യാദവിന് നേരെ വെടിയുതിര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. കൊല്ലപ്പെട്ട വ്യക്തി അശോക് മന്നുമായി ബന്ധപ്പെട്ട ഗുണ്ടാപ്പകയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടയാള്‍ നേരത്തെ മറ്റൊരാളെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് ആരോപണമുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. 

അതേസമയം, എംഎല്‍എക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നാണ് എഎപി വൃത്തങ്ങള്‍ പറയുന്നത്. വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് വെടിവെപ്പുണ്ടായതും സഹായി കൊല്ലപ്പെട്ടതും. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെയാണ് നാല് റൗണ്ട് വെടിവെപ്പുണ്ടായത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും നരേഷ് യാദവ് പറഞ്ഞു. ദില്ലി പൊലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാന നഗരത്തിലെ ക്രമസമാധാനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. മെഹ്റൗലി എംഎല്‍എയാണ് നരേഷ് യാദവ്. വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്. 

Follow Us:
Download App:
  • android
  • ios