Asianet News MalayalamAsianet News Malayalam

ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം, ബജറ്റ് പാസായി; ബിജെപിയുടെ അട്ടിമറി നീക്കം പൊളിഞ്ഞുവെന്ന് മുഖ്യമന്ത്രി

വിമത നീക്കം നടത്തിയ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടരുന്നതായും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഡാലോചന പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിങ് സുഖു പറഞ്ഞു

Relief for Congress in Himachal, Budget passed; The Chief Minister said that BJP's coup attempt failed
Author
First Published Feb 28, 2024, 4:41 PM IST

ഷിംല:ഹിമാചല്‍ പ്രദേശിലെ വിമത നീക്കങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ആശ്വാസം. നിയമസഭയില്‍ ബജറ്റ് പാസായി. 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്ത നടപടിയാണ് ബജറ്റ് പാസാകുന്നതിന് നിര്‍ണായകമായി മാറിയത്. വിമത നീക്കം നടത്തിയ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടരുന്നതായും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഡാലോചന പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിങ് സുഖു പറഞ്ഞു. വിമത എംഎല്‍എമാരില്‍ ഒരാള്‍ മാപ്പ് പറഞ്ഞുവെന്നും തനിക്ക് വലിയ വേദനയുണ്ടെന്നും തെറ്റ് പറ്റിപ്പോയെന്നും അറിയിച്ചുവെന്നും സുഖ്‍വിന്ദര്‍ സിങ് സുഖു പറഞ്ഞു. മന്ത്രി വിക്രമാദിത്യ സിങിന്‍റെ രാജി അംഗീകരിക്കില്ല. വിക്രമാദിത്യ സിങുമായി സംസാരിച്ചിരുന്നുവെന്നും സുഖു കൂട്ടിച്ചേര്‍ത്തു.


രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിന്‍റെ ആറ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും ബിജെപി മറുകണ്ടം ചാടിച്ചതോടെയാണ് ഹിമാചല്‍ പ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. ഈ സംഭവത്തിന് പിന്നാലെയാണ് 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്യുകയായിരുന്നു. പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയാണ് സസ്പെന്‍റ് ചെയ്തത്. നിയസഭയില്‍ വോട്ടെടുപ്പ് വേണമന്ന് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കെയാണ് സ്പീക്കറുടെ അപ്രതീക്ഷിത നടപടി. ഇന്നലെ വോട്ടെടുപ്പിനിടെ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്‍റെ പേരിലാണ് നടപടിയെന്നാണ് വിവരം. ആകെ 25 എംഎല്‍എമാരാണ് ഹിമാചല്‍പ്രദേശില്‍ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്പെന്‍റ് ചെയ്തതോടെ ബിജെപിയുടെ അംഗ സംഖ്യ 10 ആയി. ഇതോടെയാണ് നിയമസഭയില്‍ ബജറ്റ് പാസാക്കാനായത്. 

എംഎല്‍എമാറുടെ മറുകണ്ടം ചാടലിനിടെ കോണ്‍ഗ്രസ് സര്‍ക്കാരിലെ മന്ത്രിയായ വിക്രമാദിത്യ സിങ് രാജി നല്‍കിയത് കോണ്‍ഗ്രസിനും തിരിച്ചടിയായി.  മുഖ്യമന്ത്രി പദത്തിനായുളള ചരട് വലിയുടെ ഭാഗമാണ് വിക്രമാദിത്യ സിങിന്‍റെ രാജിയെന്നാണ് വിലയിരുത്തൽ. സുഖു സർക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് മുൻമുഖ്യമന്ത്രി വീരഭദ്രസിങിന്‍റെ മകൻ വിക്രമാദിത്യ സിങ്.

സുഖ്‍വീന്ദർ സിങ് സുഖു സർക്കാരിന് അധികാരത്തില്‍ തുടരാൻ അവകാശം ഇല്ലെന്ന് തുറന്നടിച്ചുകൊണ്ടാണ് വിക്രമാദിത്യ സിങിന്‍റെ രാജി. എംഎല്‍എമാരെ കേള്‍ക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ലെന്ന് വിക്രമാദിത്യ സിങ് കുറ്റപ്പെടുത്തി. 'വീരഭദ്ര സിങിന്‍റെ സ്മരണയിലാണ് കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പിനെ നേരിട്ടത്. തെര‍ഞ്ഞെടുപ്പിന് മുന്‍പ് വീരഭദ്ര സിങിന്‍റെ ചിത്രം വച്ച് പത്ര പരസ്യം പാര്‍ട്ടി നല്‍കി. കഴിഞ്ഞ ഒരു വർഷം സുഖു സർക്കാരിന്‍റെ പ്രവർത്തനങ്ങളില്‍ വലിയ വീഴ്ചകള്‍ ഉണ്ടായി. അതിന്‍റെ പര്യവസാനമാണ് ഇന്നലെ സംഭവിച്ചതെന്നും' വിക്രമാദിത്യ സിങ് പ്രതികരിച്ചു.  

പാർട്ടിക്കും എൽഎമാർക്കിടയിലും എതിർപ്പുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖുവിനെ മാറ്റുന്നതില്‍ കോണ്‍ഗ്രസില്‍ ആലോചനയുണ്ട്. എംഎല്‍എമാരില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുളള സാഹചര്യത്തിലാണ് നീക്കം. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള മാറ്റം തിരിച്ചടിയാകുമോയെന്നതും കണക്കിലെടുക്കുന്നുണ്ട്. കൂടുതൽ എതിർപ്പുയർന്ന സാഹചര്യത്തിൽ നേതൃമാറ്റമുണ്ടായേക്കും. 

അതേ സമയം, ഹിമാചലിൽ മുതിർന്ന നേതാക്കളെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. കേസുകൾ കാട്ടി സമ്മർദ്ദം ചെലുത്തി പ്രതിസന്ധിയിലാക്കുന്നു. ഇതിന്റെ ഭാഗമാണ് രാഷ്ട്രീയ നീക്കങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു. ഷിംലയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം പുരോഗമിക്കുകയാണ്. ഭൂപേഷ് ഭാഗേലും,രാജീവ് ശുക്ലയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറിയവർക്കെതിരെ നടപടിയെക്കാനാണ് തീരുമാനം. 6 എംഎൽഎമാരെയും അയോഗ്യരാക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. ഇതിന് എഐസിസിയും അനുവാദം നൽകി. 

മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന് വീണ്ടും വൻ തിരിച്ചടി; മുന്‍ മന്ത്രി ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ടു

 

Latest Videos
Follow Us:
Download App:
  • android
  • ios