ദില്ലി: വനിതാ എംപിക്ക് നേരെ മോശം പരാമര്‍ശം നടത്തിയ എംപി ആസം ഖാനെതിരെ നടപടി ഉണ്ടാകുമെന്ന് സ്‍പീക്കര്‍. ലോക്സഭയില്‍ മോശം പരാമര്‍ശം നടത്തിയ എംപി ആസം ഖാനെതിരെ ബിജെപി എംപി രമാ ദേവി നടപടി ആവശ്യപ്പെട്ടിരുന്നു . നിരവധി വനിതാ എംപിമാരും ആസം ഖാനെതിരെ നടപടി എടുക്കണമെന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ടു. ആസം ഖാനെതിരെ നടപടിയുണ്ടാകുമെന്നും എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

ആസം ഖാനെ പിരിച്ചുവിടാന്‍ സ്പീക്കറോട് ആവശ്യപ്പെടുമെന്ന് രമാ ദേവി പറഞ്ഞിരുന്നു. ആസം ഖാന്‍ മാപ്പു പറയണം. ഒരിക്കലും സ്ത്രീകളെ ബഹുമാനിക്കുന്നയാളല്ല ആസം ഖാനെന്നും രമാ ദേവി പറഞ്ഞു.  ആസം ഖാൻ മാപ്പ് പറഞ്ഞില്ലെങ്കിൽ സസ്പെന്‍റ് ചെയ്യണമെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദും ലോക്സഭയില്‍ ആവശ്യപ്പെട്ടു. 

ഇന്നലെ മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് എസ്‍പി എംപി ആസം ഖാന്‍ മോശം പരാമര്‍ശം നടത്തിയത്. സ്പീക്കര്‍ ചെയറിലിരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക്  നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു ആസം ഖാന്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും ആസം ഖാന്‍റെ പരാമര്‍ശം നീക്കണമെന്നും രമാ ദേവി ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശത്തിനെതിരെ  കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയെങ്കിലും തെറ്റൊന്നും ചെയ്തില്ലെന്ന നിലപാടായിരുന്നു എസ്പി നേതാവ് അഖിലേഷ് യാദവിന്‍റേത്.