Asianet News MalayalamAsianet News Malayalam

"കാർ ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിൽ ഇടിച്ചുനിർത്തി ഇറങ്ങിയത് 5 ഭീകരർ"; നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് 22 വയസ്

22 വര്‍ഷം മുമ്പ് ഡിസംബര്‍ 13ന് പാര്‍ലമെന്റില്‍ ശീതകാല സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്ന സമയത്തായിരുന്നു രാജ്യത്തെ പിടിച്ചുകുലുക്കിയ ആ സംഭവം നടന്നത്.

Remembering Indian parliament attack of 2001 that shook the foundation of democracy after 22 years afe
Author
First Published Dec 13, 2023, 9:16 AM IST

ദില്ലി: പാർലമെന്റ് ആക്രമണത്തിന്റെ നടുക്കുന്ന ഓർമ്മകള്ക്ക് ഇന്ന് 22 വയസ്. 2001 ൽ പാർലമെന്റിലെ ശീതകാല സമ്മേളനം നടക്കവേയായിരുന്നു ലഷ്കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. സുരക്ഷാ സൈനികരടക്കം ഒന്‍പത് പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്.

ഇന്ത്യൻ ജനാധിപത്യത്തിനു നേരെ അഞ്ചു ഭീകരർ നിറയൊഴിച്ചതിന്റെ 22 വർഷങ്ങള്‍. 2001 ഡിസംബർ 13നെ രക്തരൂക്ഷിതമാക്കിയ ഓർമ്മകൾ. പഴയ പാർലമെന്റ് മന്ദിരത്തിൽ ശൈത്യകാല സമ്മേളനത്തിന്റെ ചൂടേറിയ ചർച്ചകൾ നടക്കുന്ന സമയത്തായിരുന്നു അത്. രാവിലെ 11.40ഓടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പാര്‍ലമെന്റിന്റെയും സ്റ്റിക്കർ പതിച്ച ഒരു കാര്‍ പാര്‍ലമെന്റ് വളപ്പിലേക്ക് കടന്നു. അസ്വാഭാവികമായി പന്ത്രണ്ടാം ഗെയിറ്റിലേക്ക് നീങ്ങിയ കാറിനു നേരെ സുരക്ഷാ സേന ഓടിയടുത്തു. വേഗത കൂട്ടിയ കാർ ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിൽ ഇടിച്ചു നിര്‍ത്തി. തോക്കുമായി ചാടിയിറങ്ങിയത് അഞ്ചു ഭീകരർ.

മുപ്പത് മിനുറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പാർലമെന്റിനകത്ത് എത്തും മുമ്പ് അഞ്ച് ഭീകരരെയും വധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒന്‍പത് പേരുടെ ജീവത്യാഗവും പതിനഞ്ചിലേറെപ്പേര്‍ക്ക് പരിക്കുകളുമേറ്റു. അന്നത്തെ ഉപരാഷ്ട്രപതി കൃഷൻ കാന്ത്, ആഭ്യന്തര മന്ത്രിയായിരുന്ന എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ പാര്‍‍ലമെന്റിനകത്ത് ഉള്ളപ്പോഴായിരുന്നു ആക്രമണം. രണ്ടു ദിവസത്തിനകം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അഫ്സൽ ഗുരു പിടിയിലായി. 

അധ്യാപകനായ എസ്.എ.ആര്‍ ഗീലാനി, ഷൗക്കത്ത് ഹുസൈൻ ഗുരു, ഷൗക്കത്തിന്റെ ഭാര്യ അഫ്സാൻ ഗുരു എന്നിവർ പിന്നാലെ അറസ്റ്റിലായി. 2013 ഫെബ്രുവരി 9ന് അഫ്സല്‍ ഗുരുവിനെ തിഹാര്‍ ജയിലില്‍ വച്ച് തൂക്കിലേറ്റി. ഇന്ന് മറ്റൊരു ശീതകാല സമ്മേളനമെത്തുമ്പോള്‍ പഴയ പാർലമെന്റ് മന്ദിരം അനാഥമാണ്. ഭീകരരുടെ തോക്കിനെ പോരാടി തോൽപ്പിക്കുന്നതിനിടെ വീര മൃത്യു വരിച്ചവരുടെ സ്മരണകളുമായി, എല്ലാത്തിനുമുപരി ജനാധിപത്യം പുലരുന്ന ഒരു നാടിന്റെ അഭിമാന സ്തംഭമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios