ദില്ലി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ എസ്പിജി സുരക്ഷ പിന്‍വലിച്ച നടപടിക്കെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. സോണിയ ഗാന്ധിയുടെ എസ്പിജി സുരക്ഷ പിൻവലിച്ചതിന് ന്യായീകരണമില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധിയുടെ സുരക്ഷ വിപി സിംഗ് പിൻവലിച്ചതിന്‍റെ ഫലം എന്തായിരുന്നുവെന്ന് ഓർക്കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസമാണ് ഗാന്ധി കുടുംബത്തിന്‍റെ എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് ഗൗരവമായ സുരക്ഷാഭീഷണിയില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം. 

സോണിയ ഗാന്ധിയുടെ എസ്പിജി സുരക്ഷ പിൻവലിച്ചതിൽ വലിയ പ്രതിഷേധമായിരുന്നു നേരത്തെ  പാർലമെൻറിൽ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയത്.  എന്നാല്‍ അതേസമയം തീരുമാനം രാഷ്ട്രീയ പ്രേരിതമല്ലെന്ന വാദമുയര്‍ത്തി ബിജെപിയും രംഗത്തെത്തി.