കര്‍ണാടകയില്‍ ഹലാല്‍ വിവാദം ആളിക്കത്തുമ്പോഴാണ് മുസ്ലിങ്ങളെ ബാധിക്കുന്ന മറ്റൊരു പ്രശ്നം മഹാരാഷ്ട്രയിലും ഉയര്‍ന്നു വരുന്നത്
മുംബൈ: മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യവുമായി എംഎൻഎസ് തലവൻ രാജ് താക്കറെ. ഗുഡി പാദുവ ദിന പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വച്ചത്. നിരോധനത്തിന് സർക്കാർ തയ്യാറായില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണികൾ വച്ച് ഹനുമൻ ഗീതങ്ങൾ കേൾപ്പിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. പ്രാർത്ഥിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും ഉച്ചഭാഷിണി വച്ച് മറ്റ് മതക്കാരെ കേൾപ്പിക്കേണ്ടതില്ലെന്നാണ് തന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ ഹലാല്‍ വിവാദം ആളിക്കത്തുമ്പോഴാണ് മുസ്ലിങ്ങളെ ബാധിക്കുന്ന മറ്റൊരു പ്രശ്നം മഹാരാഷ്ട്രയിലും ഉയര്‍ന്നു വരുന്നത്. ഹലാൽ പ്രതിഷേധങ്ങളെ പിന്തുണച്ച് കർണാടക മന്ത്രി ശശികല ജോളി അടക്കം രംഗത്ത് വന്നിരുന്നു. ഹിന്ദുത്വ സംഘടനകളുടെ ഹലാൽ നിരോധനം ആവശ്യം ന്യായമാണെന്ന് മന്ത്രി പ്രതികരിച്ചു. ഇതിനിടെ കർണാടകയിലെ കശാപ്പ് ശാലകളിലെ സൗകര്യങ്ങൾ മൃഗസംരക്ഷണ പരിശോധിക്കുന്നുണ്ട്.
മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന് കർണാടക മൃഗസംരക്ഷണ വകുപ്പ് (Karnataka Animal Husbandry Department) ഉത്തരവിട്ടിട്ടുണ്ട്. കശാപ്പ് ചെയ്യുന്നതിന് മുമ്പ് മൃഗങ്ങൾ അബോധാവസ്ഥയിലായിരിക്കണമെന്നാണ് സർക്കുലർ. ഹലാൽ ഭക്ഷണം (Halal) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസംഘടനകൾ രംഗത്തെത്തിയതിനിടെയായിരുന്നു പുതിയ ഉത്തരവ്. ഹലാലിന്റെ പേരിൽ കർണാടകയിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ശിവമോഗയിൽ ഹലാൽ ബോർഡുള്ള ഹോട്ടലിലാണ് അക്രമമുണ്ടായത്. ഹോട്ടലുടമയെ ബജറംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചു.
Halal: ഹലാല്‍ വിവാദത്തില്‍ ആടിയുലഞ്ഞ് കര്‍ണാടക; 'നിരോധനാവശ്യം ന്യായം', പിന്തുണയുമായി മന്ത്രിയും
ഹലാൽ ഭക്ഷണം വിളമ്പരുതെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും മർദ്ദനമേറ്റു. കര്‍ണാടകയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഹലാല്‍ ഹോട്ടലുകളില്‍ നിന്നും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് ചൂണ്ടികാട്ടിയാണ് വീടുകള്‍ കയറി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ലഖുലേഖ വിതരണം ചെയ്തത്.
ചിക്കമംഗ്ലൂരുവില്‍ ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകളിലേക്ക് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഹലാല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. ഈ നീക്കം അന്യായമാണെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് മുസ്ലീം സംഘടനകളുടെ പ്രതികരണം. വിഷയത്തിൽ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും നിലപാട് തിരുത്തണമെന്നും ചൂണ്ടികാട്ടി എസ്ഡിപിഐ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഉഗാദി ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്നാഹ്വാനം ചെയ്ത് ഹിന്ദു സംഘടനകള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം വ്യാപാരികളെ വിലക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്.ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതിന് മറുപടിയായാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കര്‍ണാടകയിലെ പുതുവര്‍ഷാഘോഷമായ ഉഗാദിക്ക് ചില ഹിന്ദു സമുദായങ്ങള്‍ മാംസം അര്‍പ്പിച്ച് പൂജ നടത്താറുണ്ട്. ഇതിന് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്നാണ് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്.
ഹലാല്‍ സാമ്പത്തിക ജിഹാദാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ആരോപിച്ചിരുന്നു. രാജ്യം ചര്‍ച്ച ചെയ്ത ഹിജാബ് വിവാദത്തിന് പിന്നാലെ കര്‍ണാടകയിലെ ക്ഷേത്രോത്സവങ്ങളില്‍ നിന്ന് മുസ്ലിം കച്ചവടക്കാരെ വിലക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
