Asianet News MalayalamAsianet News Malayalam

ഭരണഘടനയില്‍ നിന്ന് 'സോഷ്യലിസം' ഒഴിവാക്കണം; രാജ്യസഭയില്‍ പ്രമേയവുമായി ബിജെപി

 ഇപ്പോഴത്തെ സാഹചര്യത്തില്‍ സോഷ്യലിസം എന്ന വാക്ക് നിരര്‍ത്ഥകമാണെന്നും അതിന് പകരമായി പ്രത്യേക സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത സാമ്പത്തിക വീക്ഷണത്തിന് ഇടം കൊടുക്കണമെന്നാണ് പ്രമേയത്തില്‍ വാദം ഉന്നയിക്കുന്നത്.

remove socialism from constitution resolution by bjp mp
Author
Delhi, First Published Mar 19, 2020, 8:52 PM IST

ദില്ലി: ഭരണഘടന ആമുഖത്തില്‍ നിന്ന് 'സോഷ്യലിസം' എന്ന വാക്ക് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി എംപി. ഈ ആവശ്യം ഉന്നയിച്ച് രാജ്യസഭയില്‍ ബിജെപി എംപി രാകേഷ് സിന്‍ഹ പ്രമേയം അവതരിപ്പിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സോഷ്യലിസം എന്ന വാക്ക് നിരര്‍ത്ഥകമാണെന്നും അതിന് പകരമായി പ്രത്യേക സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത സാമ്പത്തിക വീക്ഷണത്തിന് ഇടം കൊടുക്കണമെന്നാണ് പ്രമേയത്തില്‍ വാദം ഉന്നയിക്കുന്നത്.

ഈ പ്രമേയം വെള്ളിയാഴ്ച അവതരിപ്പിക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സ്വകാര്യ ബില്‍ അവതരിപ്പിക്കാനുള്ള സമയത്ത് ഈ പ്രമേയം അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടാണ് രാകേഷ് സിന്‍ഹ നോട്ടീസ് നല്‍കിയിരിക്കുന്നത്. രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ഈ നോട്ടീസ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ത്യ ഒരു സ്വതന്ത്ര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്നാണ് എഴുതിയിട്ടുള്ളത്. ആദ്യം ആമുഖത്തില്‍ ഇല്ലാതിരുന്ന സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ അടിയന്തരാവസ്ഥയുടെ സമയത്ത് ഇന്ദിര ഗാന്ധി 42-ാം ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയതാണ്. ഇത് മാറ്റി ആദ്യസമയത്തെ ആമുഖത്തിലേക്ക് തിരികെ പോകണമെന്നാണ് ആവശ്യം.

നേരത്തെ, 2015ലെ റിപ്പബ്ലിക് ദിനത്തിലെ കേന്ദ്ര സര്‍ക്കാര്‍ പരസ്യത്തിലെ ഭരണഘടനാ ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം, മതേതരത്വം എന്ന വാക്ക് നീക്കണണെന്ന് രാകേഷ് സിന്‍ഹയ്ക്ക് അഭിപ്രായമില്ല.

മോദി സര്‍ക്കാരിന്റെ നയവും സോഷ്യലിസ്റ്റെന്ന വാക്ക് ഒഴിവാക്കണമെന്ന തന്റെ നിലപാടിന് കാരണമാണെന്നും സിന്‍ഹ പറഞ്ഞു. സഭയില്‍ പാസാക്കുന്ന ഓരോ പ്രമേയവും ബന്ധപ്പെട്ട മന്ത്രിക്ക് അയക്കുന്നതാണ് രീതി. പിന്നീട് മന്ത്രി പ്രമേയത്തിന്റെ അര്‍ത്ഥമുള്‍ക്കൊള്ളുന്ന തരത്തില്‍ നിയമം കൊണ്ടുവരികയും വേണം. 

Follow Us:
Download App:
  • android
  • ios