ഒരു പ്രധാനമന്ത്രിക്കെതിരെ ഇത്തരം ഭാഷ പ്രയോഗിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്ന് രേണുക ചൗധരി പറഞ്ഞു.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമർശം നടത്തിയ നടിയും കോൺഗ്രസിന്റെ സ്റ്റാർ ക്യാംപയിനറുമായ വിജയശാന്തിയെ തിരുത്തി കോൺഗ്രസ് നേതാവ് രേണുക ചൗധരി. ഒരു പ്രധാനമന്ത്രിക്കെതിരെ ഇത്തരം ഭാഷ പ്രയോഗിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്ന് രേണുക പറഞ്ഞു. 'ഭീകരവാദിയെ പോലെയാണ് മോദി'എന്നായിരുന്നു വിജയശാന്തിയുടെ പരാമർശം.
'വിജയശാന്തി പ്രസ്താവന നടത്തിയ സമയത്ത് ഞാൻ ഇല്ലായിരുന്നു. അങ്ങനെ അവർ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്തരം പ്രസ്താവനകൾ അപലപിക്കപ്പെടേണ്ടതാണ്. ഒരു പ്രധാനമന്ത്രിക്കെതിരെ ഇത്തരം ഭാഷ പ്രയോഗിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. നമ്മള്‍ അദ്ദേഹത്തെപ്പോലെയായിരിക്കില്ല. പക്ഷേ നമ്മള്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ല'- രേണുക ചൗധരി പറഞ്ഞു.
തെലങ്കാനയിലെ ഷംഷബാദില്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു വിജയശാന്തി വിവാദ പരാമര്‍ശം നടത്തിയത്. 'മോദിയെ ജനങ്ങൾ ഭയപ്പെടുകയാണ്. എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുക എന്ന് അവർക്ക് അറിയില്ല. മോദി ഭീകരവാദിയെപോലെയാണ്',എന്നായിരുന്നു വിജയശാന്തി പറഞ്ഞത്. പൊതുജനങ്ങള്‍ നേതാക്കളെ ഇഷ്ടപ്പെടുകയാണ് വേണ്ടത്. പക്ഷെ മോദി ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഒരു പ്രധാനമന്ത്രി ഇത് ഒരിക്കലും ചെയ്യാൻ പാടില്ലെന്നും അവർ കുറ്റപ്പെടുത്തുകയുണ്ടായി.
യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. പാവപ്പെട്ടവരുടെയും അതിസമ്പന്നരുടെയും രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വിജയശാന്തിയുടെ പ്രസംഗത്തിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു.
