Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധം: കേന്ദ്രത്തെ വിമർശിച്ച കുറിപ്പുകൾ ട്വിറ്റർ നീക്കം ചെയ്തെന്ന് റിപ്പോ‍ർട്ട്

പത്രപ്രവർത്തകർ, സിനിമപ്രവർത്തകർ, എംപി മാർ, എംഎൽഎ മാർ എന്നിവരുടെ ട്വീറ്റുകളും നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു

Report says Twitter remove posts against government Covid 19 handling
Author
New Delhi, First Published Apr 25, 2021, 10:49 AM IST

ദില്ലി: കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തതായി റിപ്പോർട്ട്. ഐടി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം ജനപ്രതിനിധികളുടേതടക്കം 50 പേരുടെ ട്വീറ്റ് നീക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധിയിലും, പുതുക്കിയ വാക്സിൻ നയത്തിലും കേന്ദ്രത്തിനെതിരെ വിമർശനം ഉയരുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിനെതിരെയുള്ള ട്വീറ്റുകൾ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ഐടി മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് 50 ട്വീറ്റുകൾ നീക്കിയെന്നാണ് ട്വിറ്റർ, ലുമെൻ ഡാറ്റ ബേസ് എന്ന സ്ഥാപനത്തിന് നൽകിയ വിവരം. നീക്കിയ ട്വീറ്റുകളിൽ ചിലത് സമീപ കാലത്ത് നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ ചിത്രങ്ങളും, കൊവിഡിനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളുമുണ്ട്. എന്നാൽ ഏറിയ പങ്കും കേന്ദ്ര സർക്കാരിന്‍റെ കെടുകാര്യസ്ഥതയെ വിമർശിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.

മോഡി മെയ്ഡ് ഡിസാസ്റ്റർ എന്ന ഹാഷ്ടാഗിലുള്ളതും, കൊവിഡ് വ്യാപനം മൂർച്ചിക്കുന്നതിനിടെ നടന്ന കുംഭമേളയെകുറിച്ചുള്ളതുമായ ട്വീറ്റുകളും നീക്കം ചെയ്തവയിൽ പെടുന്നു. എം പിമാർ, എം എൽ എമാർ, കോൺഗ്രസ് വക്താക്കൾ, സിനിമാ പ്രവർത്തകർ, പ്രമുഖ മാധ്യമ പ്രവർത്തകർ എന്നിവരുടെയെല്ലാം ട്വീറ്റുകൾ ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് മറച്ചു വെച്ചതായാണ് വ്യക്തമാകുന്നത്.

എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ വിമർശിച്ച ട്വീറ്റുകൾ അല്ല നീക്കം ചെയ്തതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. കൊവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ആണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടതെന്നും സർക്കാർ വൃത്തങ്ങള്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios