ദില്ലി: രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും എടുത്ത് കാണിക്കുന്നതായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡ്. പതിവനുസരിച്ച് പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ ധീരസൈനികർക്ക് ആദരമർപ്പിച്ചു. മുഖ്യതിഥിയില്ലാതെയായിരുന്നു ഇത്തവണത്തെ ചടങ്ങുകൾ

രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി രാജ്‍പഥിൽ എത്തിച്ചേർന്നത്. പിന്നാലെ രാഷ്ട്രപതി രാം നാഥ് കൊവിന്ദ് പ്രത്യേക അംഗരക്ഷക സേനയുടെ അകമ്പടിയോടെ രാജ്‍പഥിലെത്തി ദേശീയ പതാക ഉയർത്തി. 

ലെഫ്‍നന്‍റ്  ജനറൽ വിജയ് കുമാർ മിസ്രയാണ് ഇത്തവ റിപ്പബ്ലിക്ക് ദിന പരേഡിനെ നയിച്ചത്. സ്വാമിയേ ശരമണയപ്പ യുദ്ധ വിളിയായി അംഗീകരിച്ച ബ്രഹ്മോസ്, ടി 90 ഭീഷ്മ ടാങ്ക്. ഷിൽക്ക വെപ്പൺ സിസ്റ്റം, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റ് എന്നിങ്ങനെ കരസേനയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക്ക് ദിന പരേഡ്. റിപ്പബ്ലിക്ക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി. ലെഫ്നന്‍റ് കേണൽ അബു മുഹമ്മദ് ഷഹനൂർ ഷവോണിന്റെ നേതൃത്വത്തിലുള്ള 122 അംഗ സേനയാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പരേഡിന്റെ ഭാഗമായത്. 

Image

രാജ്യത്തെ ആദ്യ മൂന്ന് വനിതാ ഫൈറ്റർ പൈലറ്റുമാരിൽ ഒരാളായ ഫ്ലൈറ്റ് ലെഫ്നെന്‍റ് ഭാവന കാന്തും പരേഡിൽ വായുസേനയെ പ്രതിനിധീകരിച്ചു. 140 എയർ ഡിഫൻസ് രെജിമെന്‍റിന്‍റെ ഭാഗമായ ക്യാപ്റ്റൻ പ്രീതി ചൗധരി ഷിൽക്ക വെപ്പൺ സിസ്റ്റം പ്രദർശിപ്പിച്ച സംഘത്തെ നയിച്ചു. 

Image

ലഡാക്കിൽ നിന്നുള്ള നിശ്ചല ദൃശ്യത്തോടെയാണ് ടാബ്ലോകളുടെ പ്രദർശനം ആരംഭിച്ചത്.  നിലവിൽ വന്ന ശേഷം ആദ്യമായാണ് ലഡാക്ക് റിപ്പബ്ലിക്ക് ദിന പരേഡിൽ നിശ്ചല ദൃശ്യം അവതരിപ്പിച്ചത്. ലഡാക്കിന്റെ സംസ്കാരവും ഭാഷയും വേഷധാരണവും സാഹിത്യവും സംഗീതവും ഉൾക്കൊള്ളിക്കുന്നതായിരുന്നു നിശ്ചല ദൃശ്യം.

Image

അയോധ്യ രാമക്ഷേത്രത്തിന്‍റെ മാതൃകയുമായാണ് ഉത്തർപ്രദേശ് പരേഡിനെത്തിയത്. ഒമ്പതാമത്തെ സിഖ് ഗുരുവായ ശ്രീ ഗുരു തേജ് ബഹാദൂറിനെ അനുസ്മരിക്കുന്നതായിരുന്നു പഞ്ചാബിൽ നിന്നുള്ള നിശ്ചല ദൃശ്യം. 

തെയ്യവും കയർ നിർമ്മാണവും നാളികേരവും ഉൾപ്പെടുന്നതായിരുന്നു കേരളത്തിന്റെ നിശ്ചല ദൃശ്യം.

വിശിഷ്ടാതിഥി ആയി ക്ഷണിക്കപ്പെട്ടിട്ടും കൊവിഡ് സാഹചര്യം മൂലം യാത്ര മാറ്റിവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രത്യേക വീഡിയോ സന്ദേശത്തിൽ ആശംസകൾ അറിയിച്ചു. 

Image

വെ‍ർട്ടിക്കൽ ചാർളി ഫോർമേഷനിൽ തൊള്ളായിരം കിലോമീറ്റർ വേഗതയിൽ പുതുതായി സേനയുടെ ഭാഗമായ റഫാൽ യുദ്ധവിമാനം പറത്തിക്കൊണ്ടായിരുന്നു പരേഡിന്റെ അവസാനം. 
Image