റിപ്പബ്ലിക് ദിനപരേഡ് അരങ്ങേറുമ്പോൾ കേരളത്തിന് നിശ്ചലദൃശ്യം ഇല്ല. സേന വിഭാഗങ്ങൾ മുതൽ അർധസൈനിക വിഭാഗങ്ങളെ നയിക്കുന്നവരിലും പ്രധാന സംഘാടകരും മലയാളികളാണ്
ദില്ലി: കർത്തവ്യപഥിൽ ഇക്കുറി റിപ്പബ്ലിക് ദിനപരേഡ് അരങ്ങേറുമ്പോൾ കേരളത്തിന് നിശ്ചലദൃശ്യം ഇല്ലെങ്കിലും സംഘാടനം മുതൽ പരേഡ് വരെ അടിമുടി മലയാളി തിളക്കമാണ്. സേന വിഭാഗങ്ങൾ മുതൽ അർധസൈനിക വിഭാഗങ്ങളെ നയിക്കുന്നവരിൽ വരെ നിരവധി മലയാളികളാണ് ജനുവരി 26ന് കർത്തവ്യപഥിൽ എത്തുന്നത്. പ്രധാന സംഘാടകരും മലയാളികളാണ് കർത്തവ്യപഥിൽ എത്തുന്ന കാണികൾക്ക് ആവേശം പകരുന്ന കരസേനയുടെ പരേഡ് കടന്നു പോകുമ്പോൾ ഇക്കുറി കേരളത്തിന് അഭിമാനിക്കാം. 76 ാമത് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കരസേനയുടെ പരേഡ് സംഘത്തിലുള്ളത് പതിനാല് മലയാളി സൈനികരാണ്.
ഹവിൽദാർമാരായ ഷിബിൻ കെ പി, അനൂപ് ചന്ദ്രൻ, രോഹിത്, പ്രിജേഷ് നാഥ്, മഹേഷ് ആർ, ശംഭു എസ് എം, അരുൺ ദാസ്, അരുൺജിത്, ദീപക് എ, അഖിനേഷ്, അമൽ അജയൻ, വിഷ്ണു, രാജേഷ് , നായ്ക് സുബേദാർ രമേശ് പി ബി എന്നിവരാണ് പരേഡ് സംഘത്തിലെ മലയാളി സാന്നിധ്യം. കരസേനയുടെ കോർ ഓഫ് സിഗ്നൽ റെജിമെന്റിലെ അംഗങ്ങളായ മലയാളി സൈനികർ 2020ലെ പരേഡിലും പങ്കാളികളായിരുന്നു. കരസേനയുടെ ബാൻഡ് സംഘത്തിലുമുണ്ട് മലയാളി സാന്നിധ്യം. മ്യൂസിക്ക് ഡയറക്ടര്‍ തിരുവനന്തപുരം സ്വദേശി ലഫ് കേണൽ യു ഗീരീഷ് കുമാറാണ്. പതിനാറ് വിദേശ രാജ്യങ്ങളിലായി കരസേനയ്ക്കും സംയുക്ത സേനയ്ക്കുമായി ബാൻഡ് സംഘത്തെ നയിച്ചിട്ടുണ്ട് ഗിരീഷ് കുമാർ. ഗീരീഷ് കുമാറിന്റെ പതിനാലമത്തെ റിപ്പബ്ലിക്ക് ദിന പരിപാടാണിത്.
ലോകറെക്കോർഡിന്റെ തിളക്കത്തിൽ ബൈക്ക് ആഭ്യാസത്തിന് എത്തുന്ന കരസേനയുടെ ഡയർഡൈവൾസ് സംഘത്തിലുമുണ്ട് മലയാളിത്തിളക്കം. കൊല്ലം സ്വദേശികളായ അജിംഷായും അരുണും ഒപ്പം സൈനികരായ ശ്യാംകുമാർ ജെ, അഭിജിത്ത് ബി, വിഷ്ണു എ.കെ, സച്ചിൻ പി, നിതിൻ എം സാജ് എന്നിവരും കർത്തവ്യപഥിൽ രാജ്യത്തിന് മുന്നിൽ ആഭ്യാസപ്രകടനത്തിനായി തയ്യാറായി കഴിഞ്ഞു, കരസേനയുടെ കരുത്തുകാട്ടുന്ന യുദ്ധ ഉപകരണങ്ങൾ നയിക്കുന്നവരിലുമുണ്ട് മലയാളി സൈനികർ. വ്യോമസേനയുടെ 75 അംഗ ബാൻഡ് സംഘത്തെ നയിക്കുന്നതിൽ ഒരാൾ മലയാളിയായ കോർപ്പറൽ സുമിത്ത് പിബിയാണ്. സുമിത്തിന്റെ ഏഴാമത്തെ റിപ്പബ്ലിക്ക് പരേഡാണിത്. ബാൻഡ് സംഘത്തിൽ മുപ്പതിലധികം മലയാളി വ്യോമസേന ഉദ്യോഗസ്ഥരും പങ്കാളികളാണ്. സിആർപിഎഫിന്റെ പരേഡ് സംഘത്തെ നയിക്കുന്നത് ഏറണാകുളം സ്വദേശി അസി.കമാൻഡഡ് ഐശ്വര്യ ജോയ് എം ആണ്. സംഘത്തിന്റെ പരിശീലന ചുമതല പന്തളം സ്വദേശി അസിസ്റ്റ് കമാൻഡഡ് മേഘാ നായർക്കാണ്. കഴിഞ്ഞവർഷം സിആർപിഎഫ് സംഘത്തെ നയിച്ചത് മേഘയായിരുന്നു.
തീർന്നില്ല സംഘാടനത്തിലുമുണ്ട് മലയാളിയുടെ കൈയ്യൊപ്പ്. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ചുമതല വഹിക്കുന്ന പ്രതിരോധമന്ത്രാലയത്തിന്റെ ഏകോപന ചുമതലയിൽ കായംകുളം സ്വദേശിയും ഐഐസ് ഉദ്യോഗസ്ഥനുമായ ആര്‍ സൂരജുമുണ്ട്. സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായെന്നും പൌരാണികതയും പുരോഗതിയും അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണത്തെ പ്രമേയമെന്നും ആർ സൂരജ് ഏഷ്യാനെറ്റ് ്ന്യൂസിനോട് പറഞ്ഞു.

കോസ്റ്റ് ഗാർഡിന്റെ ബാൻഡ് സംഘത്തിലുമുണ്ട് നാല് മലയാളികൾ ഉദ്യോഗസ്ഥർ. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരായ പാപ്പനൂർ ഗോപാൽ ബാബു, സിജോ ചേലേക്കാട്ട്, കെ എസ് ബിജോയ്, വിവേക് പുന്നത്ത് എന്നിവരാണ് സംഘത്തെ നയിക്കുന്നത്. ബീറ്റിംഗ് ദി റിട്രീറ്റ് സെറിമോണിയിലെ ബാൻഡ് സംഘത്തിന്റെ പ്രിൻസിപ്പൽ കണ്ടക്ടർ നാവികസേന ഉദ്യോഗസ്ഥനായ കമാൻഡർ മനോജ് സെബ്യാസ്റ്റനാണ്. പരേഡിനെ സമ്പന്നമാക്കുന്ന ദില്ലി പൊലീസ് അടക്കം അർധ സൈനിക വിഭാഗങ്ങളിലും മലയാളി ഉദ്യോഗസ്ഥരുടെ നിരയുണ്ട്.
