ദില്ലി: റിപ്പബ്ലിക് ദിന പരേഡിനായി എത്തി കൊവിഡ് സ്ഥിരീകരിച്ച സൈനികരുടെ എണ്ണം 150 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും രോഗ ലക്ഷണമുണ്ടായിരുന്നില്ല. കൊവിഡ് ബാധിച്ചവരിൽ മലയാളി സൈനികരും ഉണ്ട്. ആര്‍ഡിപി ക്യാമ്പിലെ കൊവിഡ് വ്യാപനം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊവിഡ് ബാധിതരായവരെല്ലാം തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക സമ്പർക്ക പട്ടികയില്‍ ഉള്ള കൂടുതല്‍ പേർക്ക രോഗം ബാധിക്കുമോയെന്നാണ് ആശങ്ക. ആര്‍മി ഡേ പരേഡിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കി. റിപ്പബ്ലിക് ദിന പരേഡ്. ബീറ്റിങ് റിട്രീറ്റ് എന്നിവയ്ക്കും ഇതേ സംഘം തന്നെയാണ് പങ്കെടുക്കേണ്ടത്. 

വിവിധ വിങ്ങുകളില്‍ ഉള്ള സൈനികര്‍ കഴിഞ്ഞ ഒന്നര മാസമായി പരിശീലനവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ ഉണ്ട്. ഇതിനിടെ നടത്തിയ പരിശോധനയിലാണ് നിരവധി പേര്‍ക്ക് കൊവി‍ഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണമില്ലാതിരുന്ന പലര്‍ക്കും പരിശോധനയില്‍ രോഗം കണ്ടെത്തുകയായിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ക്യാമ്പിൽ ഏര്‍പ്പെടുത്തി.