മേഘവിസ്ഫോടനം നടന്ന് 10 മിനിറ്റിനുള്ളിൽ എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്...
ദില്ലി : മേഘവിസ്‌ഫോടനത്തെത്തുടർന്ന് അമർനാഥിൽ നിന്ന് സോനാമാർഗിലെ ബാൽട്ടാൽ ബേസ് ക്യാമ്പിൽ എത്തിച്ച തീർഥാടകർക്ക് തങ്ങൾ നേരിട്ട് അനുഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. നേരിട്ടുകണ്ട കാഴ്ചകളും കൂടെയുണ്ടായിരുന്നവരും ബാഗുകളുമടക്കം ഒഴുകിപ്പോയതിന്റെ ഞെട്ടലും അവർ എഎൻഐയോട് വിവരിച്ചു.
"തിക്കിലും തിരക്കിലും പെട്ടുകിടക്കുന്ന സാഹചര്യമാണ് അവിടെ ഉണ്ടായത്. പക്ഷേ സൈന്യം വളരെയധികം പിന്തുണച്ചു. പല പന്തലുകളും വെള്ളം കാരണം ഒലിച്ചുപോയി" - ഉത്തർപ്രദേശിലെ ഹർദോയിൽ നിന്നുള്ള തീർഥാടകൻ ദീപക് ചൗഹാൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
"മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ ധാരാളം കല്ലുകൾ ഒലിച്ചെത്തിയിരുന്നു. ഞങ്ങൾ മേഘവിസ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയായിരുന്നു" - മഹാരാഷ്ട്രയിൽ നിന്നുള്ള മറ്റൊരു തീർഥാടകൻ സുമിത് പറഞ്ഞു. "മേഘവിസ്ഫോടനം നടന്നപ്പോൾ ഞങ്ങൾക്ക് വിശ്വസിക്കാനായില്ല. ഞങ്ങൾ ഏഴോ എട്ടോ പേരടങ്ങുന്ന സംഘമായിരുന്നു, ഭോലേനാഥിന്റെ കൃപയാൽ ഞങ്ങൾ എല്ലാവരും രക്ഷപ്പെട്ടു. എന്നിരുന്നാലും ആളുകളും ബാഗുകളും വെള്ളത്തിൽ ഒഴുകിപ്പോയതിന് സാക്ഷിയായതിനാൽ എല്ലാവർക്കും വല്ലാതെ വേദനയുണ്ടായി" - അദ്ദേഹം കൂട്ടിച്ചേർത്തു.
മേഘവിസ്ഫോടനം നടന്ന് 10 മിനിറ്റിനുള്ളിൽ എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വെള്ളം വലിയ തോതിൽ കല്ലുകൾ കൊണ്ടുപോയി. ഏകദേശം 15,000 തീർത്ഥാടകർ എത്തിയിരുന്നു. ഇന്ത്യൻ സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) ഇന്ന് പുലർച്ചെ രക്ഷാപ്രവർത്തനം നടത്തി. വെള്ളിയാഴ്ച, അമർനാഥിന്റെ പുണ്യസ്ഥലത്തിനടുത്തുള്ള മേഘവിസ്ഫോടനത്തിൽ 13 പേർ മരിക്കുകയും 48 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജമ്മു കശ്മീരിലെ ചീഫ് മെഡിക്കൽ ഓഫീസർ ഗന്ദർബാൽ ഡോ എ ഷാ പറഞ്ഞു.
നിലവിൽ, പരിക്കേറ്റ എല്ലാ രോഗികളെയും മൂന്ന് ബേസ് ഹോസ്പിറ്റലുകളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അമർനാഥിൽ വൈകുന്നേരം 5:30 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്.
