കൊവിഡ് ഡ്യൂട്ടി കൂടി ബഹിഷ്കരിച്ചുള്ള സമരം തുടരുന്നതിനാൽ ഒമിക്രോൺ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ്. അതേസമയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നീറ്റ് പിജി കൗൺസിലിംഗ് തുടങ്ങുന്നതിൽ രേഖാമൂലം ഉറപ്പ് നൽകാൻ കഴിയില്ലെന്നാണ് കേന്ദ്ര നിലപാട്.

ദില്ലി: കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടത്തോടെ സമരം ശക്തമാക്കാനൊരുങ്ങി ദില്ലിയിലെ റസിഡന്‍റ് ഡോക്ടർമാർ (Resident Doctors). സഫ്ദർജംഗ് ആശുപത്രിയിൽ ഇന്നും സമരം തുടരും. പൊലീസ് നടപടിയിൽ ദില്ലി പൊലീസ് മാപ്പ് പറയണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. സമരം പതിനൊന്ന് ദിവസം പിന്നിട്ടതോടെ ദില്ലിയിലെ ആരോഗ്യ മേഖലയും പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് ഡ്യൂട്ടി കൂടി ബഹിഷ്കരിച്ചുള്ള സമരം തുടരുന്നതിനാൽ ഒമിക്രോൺ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ്. അതേസമയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നീറ്റ് പിജി കൗൺസിലിംഗ് തുടങ്ങുന്നതിൽ രേഖാമൂലം ഉറപ്പ് നൽകാൻ കഴിയില്ലെന്നാണ് കേന്ദ്ര നിലപാട്.

ഡോക്ടർമാർക്ക് നേരെയുണ്ടായ പൊലീസ് നടപടി വലിയ പ്രതിഷേധത്തിന് വഴിവച്ചതോടെ ഇന്നലെയാണ് ഡോക്ടര്‍മാരെ കേന്ദ്ര ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിപ്പിച്ചത്. നീറ്റ് പിജി കൌൺസിലിംഗ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വിഷയത്തിൽ രേഖമൂലം ഉറപ്പ് നൽകാൻ കഴിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇക്കാര്യത്തില്‍ സർക്കാരിന് ചെയ്യാനാകുന്ന നടപടികൾ വേഗത്തിലാക്കാം. ദില്ലി പൊലീസിന്‍റെ നടപടിയിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കാമെന്ന് ഫോർഡ ഭാരവാഹികൾ നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു. 

എന്നാൽ കൗൺസിലിംഗ് എന്ന് തുടങ്ങാൻ കഴിയുമെന്ന് രേഖമൂലം ഉറപ്പ് നൽകാത്ത സാഹചര്യത്തിൽ സമരം അവസാനിപ്പിക്കേണ്ടെന്ന് സഫ്ദർജംഗ് ആശുപത്രയിലെ ഡോക്ടർമാർ നിലപാടെത്തു. ഇതോടെ റസിഡന്റ് ഡോക്ടർമാരും ഫോർഡാ പ്രതിനിധികളും തമ്മിൽ വീണ്ടും ചർച്ച നടത്തി. ഈ ചർച്ചയിൽ സമരം തുടരാൻ തീരുമാനമെടുക്കുകയായിരുന്നു.