എംഎൽഎ സ്ഥാനം രാജിവെച്ച് മറ്റ് പാർട്ടിയിൽ ചേർന്ന് അതേ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്നത് വോട്ടർമാരോടുള്ള അനാദരവാണെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം പ്രവണതകൾ തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി. എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേർന്ന എംഎൽഎമാർക്കെതിരായ ഹർജി പരിഗണിക്കവെയാണ് ഈ വിമർശനം.

ചെന്നൈ: എം.എൽ.എ സ്ഥാനം രാജിവെച്ച് മറ്റ് പാർട്ടിയിൽ ചേരുകയും അതേ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുകയും ചെയ്യുന്നത് ആദ്യഘട്ടത്തിൽ ജനങ്ങൾ നൽകിയ വിധിക്ക് എതിരാണെന്നും ഇത് വോട്ടർമാരോടുള്ള അനാദരവെന്നും മദ്രാസ് ഹൈക്കോടതി. ഇത്തരത്തിലുള്ള രാഷ്ട്രീയ നാടകങ്ങളും ജനാധിപത്യ പരിഹാസങ്ങളും തടയുന്നതിനായി ഭരണഘടനയുടെ 324-ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് കെ. ഗോവിന്ദരാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. എംഎൽഎമാർ രാജിവെച്ച ഒഴിവിൽ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടത്താമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു.

അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥിയായി ജയിച്ച മധുരാന്തകം എം.എൽ.എ മരഗതം കുമാരവേൽ, ധാരാപുരം എം.എൽ.എ പി. സത്യഭാമ എന്നിവരടക്കം 6 നിയമസഭാംഗങ്ങൾ രാജിവെച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടിയിൽ ചേർന്നിരുന്നു. തുടർന്ന് ഒഴിവുവന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ടി.വി.കെ സ്ഥാനാർത്ഥികളായി ഇവർ തന്നെ വീണ്ടും ജനവിധി തേടുന്നതിനെ ചോദ്യം ചെയ്ത് അഭിഭാഷകനായ കെ. സുധൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് കോടതി വിമർശനങ്ങൾ ഉന്നയിച്ചത്. ഇത്തരത്തിൽ രാജിവെച്ച് വീണ്ടും മത്സരിക്കുന്ന പ്രവണത തുടർന്നാൽ അത് ഭാവിയിൽ കൂട്ടരാജിയിലേക്കും ജനങ്ങളുടെ നികുതിപ്പണം വൻതോതിൽ പാഴാകുന്നതിലേക്കും നയിക്കുമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. സിംഗാരവേലൻ ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ പെട്ടെന്ന് രാജിവെച്ച് വീണ്ടും മത്സരിക്കുന്നവരെ നിശ്ചിത കാലത്തേക്ക് തിരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കണമെന്നും ഉപതിരഞ്ഞെടുപ്പ് ചെലവ് ഇവരിൽ നിന്ന് തന്നെ ഈടാക്കണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ, നിലവിലെ നിയമപ്രകാരം രാജിവെച്ച ജനപ്രതിനിധികൾ വീണ്ടും മത്സരിക്കുന്നത് തടയാനാകില്ലെന്ന് തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചു. അതേസമയം, എം.എൽ.എമാരുടെ രാജി സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുൾമുരുകൻ എന്നിവരടങ്ങിയ ഒന്നാം ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റിയിരിക്കുകയാണ്. അതിനാൽ ഉപതിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാൻ കഴിയില്ലെന്നും, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊതുതാൽപ്പര്യ ഹർജിയിൽ കൂടുതൽ വാദം കേൾക്കലിനായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റുന്നതായും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യത്തിന്റെ ബെഞ്ച് വ്യക്തമാക്കി.