ദില്ലി: പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച വൃദ്ധയുടെ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരബാദിലെ തെരുവോരത്ത് ടെന്‍റ് കെട്ടിത്താമസിക്കുന്ന വൃദ്ധയുടെ വീഡിയോയാണ് പ്രധാനമന്ത്രി ഇന്ന് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. പതിനാലുമണിക്കൂര്‍ നീണ്ട ജനതാ കര്‍ഫ്യൂവിന് ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് കൈകള്‍ അടിക്കണമെന്നും മണികള്‍ മുഴക്കിയും പാത്രങ്ങള്‍ തട്ടുകയും ചെയ്യണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അക്ഷരം പ്രതി പാലിക്കുകയാണ് ഈ വൃദ്ധ. 

മാധ്യമ പ്രവര്‍ത്തകനായ അഖിലേഷ് ശര്‍മ്മ ട്വീറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രധാനമന്ത്രി റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.  ഈ അമ്മയുടെ പ്രവര്‍ത്തിയെ നമ്മുക്ക് ആദരിക്കാം. വീടുകളില്‍ സുരക്ഷിതരായി ഇരിക്കാം. അതാണ് അവര്‍ നമ്മുക്ക് നല്‍കുന്ന സന്ദേശം. എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി ഈ വീഡിയോ പങ്ക് വച്ചിട്ടുള്ളത്. പതിനൊന്ന് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തകര്‍ന്ന് വീഴുമെന്ന് തോന്നുന്ന കൂരയുടെ മുന്നിലിരുന്ന് പ്ലേറ്റുകള്‍ തട്ടുന്നത് കൃത്യമായി കാണാം.