Asianet News MalayalamAsianet News Malayalam

ഒന്നെങ്കില്‍ ജോലി ചെയ്യുക അല്ലെങ്കില്‍ ഹോസ്റ്റല്‍ ഒഴിയുക; ജൂനിയര്‍ ഡോക്ടര്‍മാരോട് മമത

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഉടന്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അന്യായമായ ഈ സമരത്തെ ബിജെപിയും സിപിഎമ്മും പിന്തുണയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും സമരത്തിന് പിന്നില്‍ പുറത്ത് നിന്നുള്ളവരെന്നും മമത. 

retrun to duty or vacate your hostel mamata to junior doctors
Author
Kolkata, First Published Jun 13, 2019, 2:39 PM IST

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരത്തിനെതിരെ നിലപാട് കര്‍ശനമാക്കി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒന്നെങ്കില്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും അല്ലെങ്കില്‍ എത്രയും പെട്ടെന്ന് ഹോസ്റ്റല്‍ ഒഴിയണമെന്നും മമത ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കി തീരുമാനമെടുക്കാന്‍ നാല് മണിക്കൂര്‍ സമയമാണ് മമത ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാതെ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മമത വ്യക്തമാക്കി. 

എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന  പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ ഒരു രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചത് എന്നാരോപിച്ചാണ് മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഡോക്ടര്‍ പരിഭോഹോ മുഖര്‍ജി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണി മുടക്ക് ആരംഭിച്ചത്.

പ്രശ്നം ഒത്തുതീര്‍പ്പാക്കാനും സമരം അവസനിപ്പിക്കാനുമായി ആരോഗ്യമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ ജൂനിയര്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയും മമതാ ബാനര്‍ജിയുമായി ഫോണില്‍ സംസാരിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിദ്യാര്‍ത്ഥികള്‍ ഈ നിര്‍ദേശം തള്ളി. മുഖ്യമന്ത്രി നേരിട്ടെത്തി ചര്‍ച്ച നടത്തണം എന്നായിരുന്നു ഇവരുടെ ആവശ്യം. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ ആശുപത്രിയായ എസ്.എസ്.കെ.എമ്മില്‍ എത്തിയ മമതാ ജൂനിയര്‍ ഡോക്ടര്‍മാരോട് എത്രയും പെട്ടെന്ന് സമരം അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ ഹോസ്റ്റല്‍ വിട്ട് പോകുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

പ്രതിഷേധിക്കുന്നവര്‍ ഡോക്ടര്‍മാരല്ലെന്നും പുറത്ത് നിന്നുള്ളവരാണെന്നും സംസ്ഥാനത്ത് പ്രശ്നമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മമത പറഞ്ഞു. സമരം നടത്തുന്ന ഡോക്ടര്‍മാരുടെ നടപടിയെ ഞാന്‍ അപലപിക്കുന്നു. ജോലിക്കിടെ പൊലീസുകാര്‍ കൊലപ്പെട്ടാറുണ്ട് പക്ഷേ അവരാരും സമരത്തിന് പോകാറില്ല. ജനങ്ങളെ സേവിക്കുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം. അത് ചെയ്യാതെ നിങ്ങളൊരു ഡോക്ടറാവില്ല.

 അന്യായമായ ഈ സമരത്തെ ബിജെപിയും സിപിഎമ്മും പിന്തുണയ്ക്കുന്നത് നിര്‍ഭാഗ്യകരമാണ്. ആരോഗ്യമന്ത്രി അവരുമായി ചര്‍ച്ച നടത്തിയ ശേഷം എന്നെ ഫോണില്‍ ബന്ധപ്പെട്ടു. അവരോട് സംസാരിക്കാനായി ഞാന്‍ ഫോണില്‍ മറുവശത്ത് കാത്തിരുന്നെങ്കിലും എന്നോട് ഫോണിലൂടെ സംസാരിക്കാനാവില്ല നേരിട്ട് ഞാന്‍ വരണം എന്നായിരുന്നു അവരുടെ നിലപാട് - മമത പറയുന്നു. 

Follow Us:
Download App:
  • android
  • ios