വർഷങ്ങളായി സ്ത്രീ വേഷം ധരിച്ച് മോഷണം നടത്തിയയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 57 ലക്ഷം രൂപ വിലമതിക്കുന്ന മോഷണമുതലുകൾ കണ്ടെടുത്തു. മുംബൈയിൽ ഫ്ലാറ്റും ബിഹാറിൽ ബംഗ്ലാവും സ്വന്തമാക്കിയിരുന്നു.

മുംബൈ: വർഷങ്ങളോളം നടത്തിയ മോഷണങ്ങളിലൂടെ മുംബൈയിൽ ഫ്ലാറ്റും ബിഹാറിൽ ബംഗ്ലാവും കാർഷിക ഭൂമി ഉൾപ്പെടെ സമ്പാദിച്ചയാൾ അറസ്റ്റിൽ. രഞ്ജിത് കുമാർ എന്ന മുന്ന എന്നയാളിൽ നിന്ന് 57 ലക്ഷം രൂപ വിലമതിക്കുന്ന മോഷണമുതലുകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. നിരവധി വർഷങ്ങളായി രഞ്ജിത് മുംബൈയിലെ പോഷ് പ്രദേശങ്ങളിൽ മോഷണം നടത്തി വരികയായിരുന്നു. സ്ത്രീ വേഷം ധരിച്ച് യഥാർത്ഥ വ്യക്തിത്വം മറച്ചുവെച്ച് പൊലീസിനെയും സമീപത്തെ സിസിടിവി ക്യാമറകളെയും വെട്ടിച്ച് രക്ഷപ്പെടാൻ ഇയാൾക്ക് കഴിഞ്ഞിരുന്നു. 

സാരി, സൽവാർ-കമീസ്, ബുർഖ എന്നിവ ധരിച്ച് മുഖം മറച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. സ്ത്രീകളുടെ നടത്തവും ശരീരഭാഷയും ഇയാൾ സ്വായത്തമാക്കിയിരുന്നു. റെയിൽവേ ട്രാക്കിന് സമീപമുള്ള വിജനമായ സ്ഥലത്ത് വെച്ച് വസ്ത്രം മാറ്റി സ്ത്രീയായി വേഷം മാറുമായിരുന്നു ഇയാൾ മോഷണങ്ങൾ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നിരവധി മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മുംബൈ പൊലീസ് രഞ്ജിത് കുമാറിനായി ദിവസങ്ങളായി തെരച്ചിലിലായിരുന്നു. മാർച്ച് 17ന് മലാഡിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ നടന്ന മോഷണത്തോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന്, പൊലീസ് 150-ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും രഞ്ജിത്തിനെ കൈയോടെ പിടികൂടാൻ വിപുലമായ കെണി ഒരുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ മോഷ്ടിച്ച സാധനങ്ങൾ സൂക്ഷിച്ച സ്ഥലത്തെക്കുറിച്ച് രഞ്ജിത് പൊലീസിനോട് വെളിപ്പെടുത്തി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണ്ണം ഉരുക്കുന്ന ചൂള, 35 ലക്ഷം രൂപ വിലമതിക്കുന്ന 360 ഗ്രാം സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, വലിയ തുക പണം എന്നിവ കണ്ടെടുത്തു.

മുംബൈയിൽ ഒരു ഫ്ലാറ്റ്, ബിഹാറിൽ ഒരു ബംഗ്ലാവ്, ബിഹാറിൽ സ്ഥലം വാങ്ങാൻ മുൻകൂറായി നൽകിയ 10 ലക്ഷം രൂപ, മുംബൈയിൽ മറ്റൊരു വീട് വാങ്ങാൻ മുൻകൂറായി മാറ്റിവെച്ച ആറ് ലക്ഷം രൂപ, ബാങ്ക് അക്കൗണ്ടിൽ 13 ലക്ഷം രൂപ എന്നിവ ഉൾപ്പെടെ നിരവധി സ്വത്തുക്കൾ ഇയാൾക്ക് സ്വന്തമായുണ്ടെന്നും കണ്ടെത്തി. ഈ സ്വത്തുക്കളെല്ലാം കണ്ടുകെട്ടിയിട്ടുണ്ട്. മോഷ്ടിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗിച്ചാണ് രഞ്ജിത് ഈ സ്വത്തുക്കളെല്ലാം സമ്പാദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ എട്ട് മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുന്നതിനനുസരിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.