മലാദ് വെസ്റ്റിലെ ട്രാഫിക് സിഗ്നലിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. സിഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞതോടെ മായങ്ക് ഉൾപ്പെടെയുള്ള സ്കൂട്ടർ യാത്രക്കാരും മറ്റു വാഹനങ്ങളും സിഗ്നലിൽ നിർത്തി. ഇതിനിടെയാണ് നിയന്ത്രണം വിട്ടെത്തിയ ഇലക്ട്രിക് കാർ സിഗ്നലിലുണ്ടായിരുന്ന വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു.
മുംബൈ: നിയന്ത്രണംവിട്ട കാർ ട്രാഫിക് സിഗ്നലിൽ വിവിധ വാഹനങ്ങളിലിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. മുംബൈ മലാദിലെ ട്രാഫിക് സിഗ്നലിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നു.
ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്തിരുന്ന പ്രിയങ്ക മായങ്ക് സാത്ര(34)യ്ക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പ്രിയങ്കയുടെ ഭർത്താവ് മായങ്കിനും പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർമാരായ സുബേദാർ ചന്ദ്രഗൗതം, രാംകേഷ് രാജ്ഭാർ, അബ്ദുൾ റഹ്മാൻ ഷേഖ് തുടങ്ങിയവർക്കും അപകടത്തിൽ പരിക്കേറ്റു.
മലാദ് വെസ്റ്റിലെ ട്രാഫിക് സിഗ്നലിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. സിഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞതോടെ മായങ്ക് ഉൾപ്പെടെയുള്ള സ്കൂട്ടർ യാത്രക്കാരും മറ്റു വാഹനങ്ങളും സിഗ്നലിൽ നിർത്തി. ഇതിനിടെയാണ് നിയന്ത്രണം വിട്ടെത്തിയ ഇലക്ട്രിക് കാർ സിഗ്നലിലുണ്ടായിരുന്ന വാഹനങ്ങളെയും എതിർദിശയിലുണ്ടായിരുന്ന ഓട്ടോറിക്ഷകളെയും ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുനീങ്ങിയത്. കാറോടിച്ച കൃഷ് ശാന്താറാം ചമൻക്കറെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. 70-കാരനായ ഇയാൾ ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് വാഹനം നിയന്ത്രണംവിടാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരേ കേസെടുത്തതായും വൈദ്യപരിശോധന നടത്തിയതായും പ്രതി മദ്യപിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, പ്രതിയായ കൃഷ്ണ ശാന്താറാമിന് പൊലീസ് സ്റ്റേഷനിൽ വിഐപി പരിഗണനയാണ് ലഭിച്ചതെന്ന് അപകടത്തിൽ ഇരകളായവരുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതിക്ക് മൊബൈൽഫോൺ ഉപയോഗിക്കാൻ അനുവാദം നൽകിയെന്നും സ്റ്റേഷനിലെ എസി മുറിയിലാണ് പ്രതിയെ പാർപ്പിച്ചതെന്നും ഇവർ ആരോപിച്ചു. പ്രതിയായ കൃഷ്ണ ശാന്താറാം നേരത്തേ മഹാരാഷ്ട്രയിലെ വിവാദമായ കള്ളപ്പണക്കേസിലും ഉൾപ്പെട്ടിരുന്നു.


