ലക്നൗ: കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സംസ്ഥാന നിയമസഭയിൽ രേഖാമൂലമാണ് യോ​ഗി ആദിത്യനാഥ് മറുപടി നൽകിയത്. യോ​ഗി ആദിത്യനാഥ് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഉത്തർപ്രദേശി‌ൽ കഴിഞ്ഞ ആറുമാസത്തിനിടയിൽ 21 പേരാണ് കലാപവുമായി ബന്ധപ്പെട്ട് മരിച്ചിട്ടുള്ളത്. പ്രതിഷേധക്കാരുടെ കല്ലേറിൽ 400 പൊലീസുകാർക്ക് പരിക്കേറ്റതായും 61 പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വെടിവയ്പിൽ പരിക്കേറ്റതായും യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. 

കഴിഞ്ഞ വർഷം ഡിസംബർ 19-20 തീയതികളിൽ ഉത്തർപ്രദേശിൽ പലയിടങ്ങളിലും നടന്ന പൗരത്വ നിയമ ഭേദ​ഗതി വിരുദ്ധ പ്രതിഷേധങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇവർ ആരും തന്നെ കൊല്ലപ്പെട്ടത് പൊലീസ് വെടിവയ്പിലല്ല എന്നാണ് സർക്കാരിന്റെ അവകാശവാദം. സംസ്ഥാന നിയമസഭയിൽ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ യോ​ഗി ആദിത്യനാഥ് ഇക്കാര്യം അവകാശപ്പെട്ടിരുന്നു. കലാപകാരികൾ കലാപകാരികളാൽ കൊല്ലപ്പെട്ടു എന്നായിരുന്നു യോ​ഗി ആദിത്യനാഥ് പറഞ്ഞത്. 

ആറുമാസത്തിനിടയിൽ കലാപവുമായി ബന്ധപ്പെട്ട് മരണമടഞ്ഞവരുടെ എണ്ണത്തെക്കുറിച്ചും അവരുടെ കുടുംബാം​ഗങ്ങൾക്ക് എന്തെങ്കിലും രീതിയിൽ നഷ്ടപരിഹാരം നൽകുന്നുണ്ടോ എന്നുമുള്ള എംഎൽഎ രാകേഷ് പ്രതാപ് സിം​ഗിന്റെ ചോദ്യത്തിന് മറുപടി നൽകുകയുമായിരുന്നു യോ​​ഗി ആദിത്യനാഥ്. സംസ്ഥാനത്തെ ക്രമസമാധാന അവസ്ഥയെക്കുറിച്ചും പൗരത്വ നിയമ ഭേദ​ഗതി പ്രതിഷേധത്തെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ആദിത്യനാഥിന്റെ ഈ പ്രസ്താവന. അക്രമത്തിനിടയിൽ പൊതുസ്വത്ത് നശിപ്പിച്ചവർക്ക് റിക്കവറി നോട്ടീസ് അയക്കാൻ യോ​ഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. 

2017-2018 കാലയളവിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചതായി യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. എന്നാൽ 2019 ൽ ഈ കണക്കിൽ വളരെയധികം കുറവുണ്ടായി എന്നും അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചു. എംഎൽഎ ഉജ്ജ്വൽ രമൺ സിം​ഗിന് നൽകിയ മറുപടിയിൽ, 2017 ൽ 51582 കേസുകളാണ് സ്ത്രീകൾക്കെതിരായി നടന്ന അക്രമങ്ങളായി രജിസ്റ്റർ ചെയ്യപ്പെട്ടതെന്നും 2018 ൽ കേസുകളുടെ എണ്ണം 53608 ആയി ഉയർന്നെങ്കിലും 2019 ൽ 40867 ആയി കുറഞ്ഞെന്നും യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി.