മുംബൈ: നടൻ സുശാന്ത് സിം​ഗിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കാ സിം​ഗിനെതിരെ പരാതിയുമായി നടി റിയാ ചക്രബർത്തി. പ്രിയങ്ക വ്യാജ മെഡിക്കൽ പ്രിസ്ക്രിപ്ക്ഷൻ സംഘടിപ്പിച്ച് തെറ്റായ മരുന്ന് സുശാന്തിനെക്കൊണ്ട് കഴിപ്പിച്ചെന്നാണ് റിയയുടെ പരാതി.പ്രിയങ്കയ്ക്കും മെ‍ഡിക്കൽ പ്രിസ്ക്രിപ്ഷൻ നൽകിയ  ദില്ലി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർ തരുൺ കുമാറിനും എതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ  റിയാ ചക്രബർത്തിയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് വീണ്ടും ചോദ്യം ചെയ്യുകയാണ്. ഇന്നലെ 6 മണിക്കൂറോളം റിയയെ ചോദ്യം ചെയ്തിരുന്നു. താൻ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്ത് സിംഗിന്‍റെ ആവശ്യപ്രകാരമാണ് കഞ്ചാവ് വാങ്ങിച്ചതെന്നും റിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതായാണ് സൂചന. തനിക്ക് നേരിട്ട് ലഹരികടത്തുകാരുമായി ബന്ധമില്ലെന്നും സഹോദരനോടും സുശാന്തിന്‍റെ മാനേജർ സാമുവൽ മിറാന്‍റയോടും ആവശ്യം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും റിയ പറഞ്ഞതായാണ് വിവരം. കേസിൽ ഇതുവരെ 8 പേർ അറസ്റ്റിലായിട്ടുണ്ട്.

Read Also: അര്‍ജുൻ കപൂറിന് പിന്നാലെ മലേക അറോറയ്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു...