ദില്ലി: തനിക്ക് വന്‍കുടലില്‍ ട്യൂമര്‍ ബാധിച്ചെന്നും അതിനായി ലണ്ടനില്‍ തുടര്‍ചികിത്സയ്ക്ക് പോകാന്‍ അനുവദിക്കണവുമെന്ന ആവശ്യവുമായി റോബര്‍ട്ട് വാദ്ര. അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന വാദ്ര അസുഖം വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

നേരത്തെ, വിദേശത്ത് പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറിയേറ്റിനെയും വാദ്ര സമീപിച്ചിരുന്നു. വിഷയത്തില്‍ ജൂണ്‍ മൂന്നിനാണ് ദില്ലി കോടതി വിധി പറയുക. കേസിന്‍റെ ഭാഗമായി പിടിച്ച് വച്ചിരിക്കുന്ന പാസ്പോര്‍ട്ട് വിട്ട് നല്‍കണമെന്നാണ് വാദ്രയുടെ അപേക്ഷ.

വിദേശത്തേക്ക് പോകണമെന്ന ആവശ്യവുമായി സമര്‍പ്പിച്ചിരുന്ന ഹര്‍ജിയുടെ വാദം നടക്കുമ്പോഴാണ് ദില്ലി ഗംഗാറാം ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വന്‍കുടലില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തിയെന്നുള്ള സര്‍ട്ടിഫിക്കേറ്റ് വാദ്രയുടെ അഭിഭാഷകര്‍ ഹാജരാക്കിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

റോബര്‍ട്ട് വാദ്ര കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും സഹകരിക്കുന്നുണ്ടെന്നും ലണ്ടനിലായിരുന്ന വാദ്ര വിളിപ്പിക്കാതെ തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതാണെന്നും വാദ്രയുടെ അഭിഭാഷകന്‍ കെ ടി എസ് തുളസി കോടതിയില്‍ പറഞ്ഞു.

എന്നാല്‍, വാദ്ര സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റിനെതിരെ പ്രോസിക്യൂട്ടര്‍ വാദം ഉന്നയിച്ചു. മേയ് 13ന് ലഭിച്ച സര്‍ട്ടിഫിക്കേറ്റ് ആയിട്ടും എന്ത് കൊണ്ട് ഇത്ര നാള്‍ ഇത് സമര്‍പ്പിച്ചില്ല എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. കൂടാതെ, ലണ്ടനില്‍ തുടര്‍ ചികിത്സ നടത്തണമെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റില്‍ എങ്ങനെയാണ് കൃത്യമായി രേഖപ്പെടുത്തിയതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് വാദ്രയ്ക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറിയേറ്റ് സമന്‍സ് അയച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ ആഴ്ച വാദ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറിയേറ്റ് കോടതിയെ സമീപിച്ചിരുന്നു.